ശ്രവണ പരിമിതർക്കായി ആംഗ്യഭാഷാ പ്രഭാഷണം; കാസർകോട് സുന്നി സെന്ററിൽ ശ്രദ്ധേയമായ തുടക്കം

Feb 28, 2026 - 14:24
ശ്രവണ പരിമിതർക്കായി ആംഗ്യഭാഷാ പ്രഭാഷണം; കാസർകോട് സുന്നി സെന്ററിൽ ശ്രദ്ധേയമായ തുടക്കം

കാസർകോട്: വിജ്ഞാനത്തിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിടുക എന്ന ലക്ഷ്യത്തോടെ ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തി കാസർകോട് സുന്നി സെന്റർ. ശ്രവണ പരിമിതർക്കായി ജുമുഅക്ക് ശേഷമുള്ള പ്രഭാഷണം ആംഗ്യഭാഷയിൽ അവതരിപ്പിച്ചുകൊണ്ടാണ് സുന്നി സെന്റർ മാതൃകയായത്. എസ്.വൈ.എസ്  ജില്ലാ സാമൂഹികം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ഈ വേറിട്ട സംരംഭം സംഘടിപ്പിച്ചത്. നേരത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിച്ച കേരള യാത്രയിൽ ശ്രവണ പരിമിതർക്കായി ഏർപ്പെടുത്തിയിരുന്ന ആംഗ്യഭാഷാ വിവർത്തന സംവിധാനത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി എസ്.വൈ.എസ് നടപ്പിലാക്കിവരുന്ന 'ട്യൂൺ ഓഫ് സൈലൻസ്' (Tune of Silence) എന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിത്.

പ്രമുഖ പണ്ഡിതൻ ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ നടത്തിയ പ്രഭാഷണമാണ് ഇത്തവണ ആംഗ്യഭാഷയിലേക്ക് വിവർത്തനം ചെയ്തത്. കോഴിക്കോട് മർക്കസ് അലിഗേറ്റ് അൽ അസാസ് അക്കാദമി വിദ്യാർത്ഥിയായ മജീർപ്പള്ളിയിലെ മുഹമ്മദ് മുആദ് ആണ് ആംഗ്യഭാഷാ വിവർത്തനം ചെയ്‌തത്‌. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മലപ്പുറം മഅദിൻ അക്കാദമിയിൽ സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിയിൽ നിന്നാണ് മുആദ് ആംഗ്യഭാഷയിൽ പ്രാവീണ്യം നേടിയത്. വരും വെള്ളിയാഴ്ചകളിലും സുന്നി സെന്ററിൽ ശ്രവണ പരിമിതർക്കായി ആംഗ്യഭാഷാ സൗകര്യം ഏർപ്പെടുത്തുമെന്ന് എസ്.വൈ.എസ് ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് അറിയിച്ചു. റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷമാണ് ഈ പ്രത്യേക സെഷനുകൾ നടക്കുക. പരിമിതർക്ക് അറിവ് പകർന്നുനൽകുന്ന ഇത്തരം സംരംഭങ്ങൾ ജില്ലയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സംഘടനയുടെ ലക്ഷ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0