കേരള സ്റ്റോറി 2: റിലീസിന് തടയിട്ട് ഹൈക്കോടതി
കൊച്ചി: വിവാദമായ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടലുമായി കേരള ഹൈക്കോടതി. ഹർജികളിൽ അന്തിമ തീരുമാനം വരുന്നത് വരെ ചിത്രത്തിന്റെ പ്രദർശനമോ, വിതരണാവകാശം കൈമാറുന്നതോ പാടില്ലെന്ന് കോടതി നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി. ഫെബ്രുവരി 27-ന് നിശ്ചയിച്ചിരുന്ന റിലീസ് ആണ് കോടതി ഇടപെടലോടെ പ്രതിസന്ധിയിലായത്. ഹർജികളിൽ തീർപ്പുണ്ടാകുന്നത് വരെ റിലീസ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. കേരളം സാമുദായിക സൗഹാർദ്ദമുള്ള സംസ്ഥാനമാണെന്നും സിനിമയിലെ ചില ഭാഗങ്ങൾ ഇതിനെ തെറ്റായി ചിത്രീകരിക്കാൻ സാധ്യതയുണ്ടെന്നുമുള്ള ഹർജിക്കാരുടെ ആശങ്കകൾ യഥാർത്ഥമായിരിക്കാം എന്ന് കോടതി നിരീക്ഷിച്ചു.
ചിത്രത്തിന് എ സർട്ടിഫിക്കറ്റിന് പകരം യു/എ സർട്ടിഫിക്കറ്റ് നൽകിയതിനെ കോടതി ചോദ്യം ചെയ്തു. സിനിമ പൂർണ്ണമായി കാണാതെ ഇതിൽ അന്തിമ നിലപാട് എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സിനിമ കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ക്രമസമാധാന പ്രശ്നങ്ങൾക്കും മതസ്പർദ്ധയ്ക്കും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ശ്രീദേവ് നമ്പൂതിരി ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. സിനിമയുടെ ടീസറിലെ ഉള്ളടക്കം പ്രകോപനപരമാണെന്നും ഇവർ വാദിച്ചു. സിനിമ സാങ്കൽപ്പിക കഥയാണെന്നും എന്നാൽ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നുമാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ കോടതിയിൽ അറിയിച്ചത്. സിനിമ പ്രദർശിപ്പിക്കുന്നത് വരെ റിലീസ് തടയുന്നത് സാമ്പത്തികമായ വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. കോടതി ഹർജികളിൽ വിശദമായ വാദം കേൾക്കുന്നത് തുടരുകയാണ്. കോടതി വിധി വരുന്നത് വരെ ചിത്രം തിയേറ്ററുകളിൽ എത്താൻ സാധ്യതയില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0