ഗസ്സ പുനർനിർമ്മാണം; 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ

Feb 21, 2026 - 17:11
ഗസ്സ പുനർനിർമ്മാണം; 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ

വാഷിംഗ്ടൺ: യുദ്ധക്കെടുതിയിൽ തകർന്നടിഞ്ഞ ഗസ്സയുടെ പുനർനിർമ്മാണത്തിനായി 120 കോടി ഡോളർ ഏകദേശം 10,000 കോടി രൂപയുടെ വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎഇ. ഗസ്സയിലെ സമാധാന പ്രക്രിയ സജീവമാക്കുന്നതിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ വാഷിംഗ്ടണിൽ ചേർന്ന 'ബോർഡ് ഓഫ് പീസ്' യോഗത്തിലാണ് യുഎഇ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. റമദാൻ മാസത്തിന്റെ തുടക്കം മേഖലയിൽ സമാധാനത്തിനും പുരോഗതിക്കും വഴിതുറക്കുമെന്ന് പ്രത്യാശിക്കുന്നതായും ഗസ്സയിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനും മേഖലയെ പുനർനിർമ്മിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തോടൊപ്പം യുഎഇ മുൻപന്തിയിലുണ്ടാകുമെന്നും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഒക്ടോബർ 7-ന് ശേഷം ആരംഭിച്ച യുദ്ധസാഹചര്യത്തിൽ ഇതുവരെ ഏകദേശം 300 കോടി ഡോളറിന്റെ സഹായം യുഎഇ ഗസ്സയ്ക്ക് നൽകിയിട്ടുണ്ട്. പുനർനിർമ്മാണത്തിനൊപ്പം തന്നെ ഗസ്സയിലെ ജനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ സഹായങ്ങളും ഭക്ഷണവും എത്തിക്കുന്നതിനുള്ള പ്രത്യേക 'എയർ ബ്രിഡ്ജ്' സംവിധാനവും യുഎഇ ഈ റമദാൻ കാലത്ത് സജീവമാക്കിയിട്ടുണ്ട്. യുഎഇക്ക് പുറമെ സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളും ഓരോ ബില്യൺ (100 കോടി) ഡോളർ വീതം സഹായം പ്രഖ്യാപിച്ചു.

'ബോർഡ് ഓഫ് പീസ്' യോഗത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും അന്താരാഷ്ട്ര പ്രതിനിധികളോടൊപ്പം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി, യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഉതൈബ എന്നിവരും പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0