നാടിനെ നടുക്കിയ കൊലപാതകം സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പടുത്തൽ 

Jan 17, 2026 - 14:46
നാടിനെ നടുക്കിയ കൊലപാതകം സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പടുത്തൽ 

ബദിയടുക്ക: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മൗവ്വാർ അജിലയിലെ വയോധികയെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് വെളിപ്പടുത്തി പ്രതി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കാടുവെട്ട് തൊഴിലാളിയും ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനുമായ രമേശ് നായിക് (46) ആണ് കുറ്റം സമ്മതിച്ചത്. നാട്ടുകാർ നൽകിയ ചില നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനകം പിടികൂടിയ പ്രതിയെ ബദിയടുക്ക പോലീസ് വിശദമായ ചോദ്യം ചെയ്‌തതോടെയാണ്‌ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബുധനാഴ്‌ച രാത്രിയാണ് മൗവ്വാർ അജിലയിലെ വയോധികയായ പുഷ്പലത വി. ഷെട്ടിയെ (70) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം ഉയർന്നതോടെ വെള്ളിയാഴ്‌ച പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പുഷ്പലതയുടെ കഴുത്തിലുണ്ടായിരുന്ന നാലു പവൻ മാലക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കവർച്ച ചെയ്ത സ്വർണ്ണം ഒളിപ്പിച്ചുവെച്ച സ്ഥലം പ്രതി പോലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0