വോട്ടിംഗ് കേന്ദ്രങ്ങളിൽ താരപദവിക്ക് പ്രത്യേക സീറ്റ് വേണ്ട

Dec 10, 2025 - 14:43
വോട്ടിംഗ് കേന്ദ്രങ്ങളിൽ താരപദവിക്ക് പ്രത്യേക സീറ്റ് വേണ്ട

തിരഞ്ഞെടുപ്പ് എന്നത് ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണ്. രാജ്യത്തെ ഭരണം നിർണ്ണയിക്കുന്ന ഈ ഒരു നിമിഷമാണ് ജനാധിപത്യത്തെ ഏറ്റവും ശക്തമായ രീതിയിൽ പ്രയോഗിക്കുന്നത്. എന്നാൽ വർഷങ്ങളായി കാണുന്ന ഒരു തെറ്റായ പ്രവണത ഇന്ന് വീണ്ടും ചർച്ച ചെയ്യേണ്ട അവസ്ഥയിലായി. വോട്ടിംഗ് കേന്ദ്രങ്ങളിൽ സാധാരണക്കാർ മണിക്കൂറുകൾ കാത്തുനിൽക്കുമ്പോൾ ചിലർക്ക് അവർ സെലിബ്രിറ്റികളാണെന്ന് മാത്രം മുൻഗണന നൽകപ്പെടുന്നത് ജനങ്ങളിൽ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്.

വോട്ട് ഒരു മുഖച്ഛായയെ നോക്കിയാണോ വിലയിരുത്തുന്നത്? സെലിബ്രിറ്റിയാകട്ടെ, ഒരു സാധാരണ തൊഴിലാളിയാകട്ടെ, അവരുടെ വിരലിൽ പതിക്കുന്ന മഷി ഒരേ ശക്തിയുള്ളതാണ്. മാനവികതയുടെ അടിസ്ഥാന തത്വങ്ങളും ജനാധിപത്യത്തിന്റെ നിബന്ധനകളും പറയുന്നത് എല്ലാം ഒരുപോലെ എന്നതാണ്. എന്നാൽ വോട്ടിംഗ് ദിവസം ചില കേന്ദ്രങ്ങളിൽ കണ്ടുവരുന്ന പ്രത്യേക പരിഗണന സാധാരണക്കാർക്കുണ്ടാകുന്ന അനുഭവം വേദനിപ്പിക്കുന്നതാണ് 

ക്യൂവിൽ നിൽക്കുന്നവരിൽ വയോധികരും സ്ത്രീകളും ബുദ്ധിമുട്ടോടെ കാത്തുനിൽക്കുന്നവരുമുണ്ടാകും. അവർ അതെല്ലാം സഹിച്ചാണ് വോട്ട് ചെയ്യാൻ എത്തുന്നത്. അവരേക്കാൾ പിന്നീടെത്തുന്ന ഒരു സിനിമാ നടനോ ഗായകനോ രാഷ്ട്രീയമില്ലാത്ത ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോ നേരെ അകത്ത് കയറുന്നത് കാണുമ്പോൾ ജനങ്ങളിൽ ഉണ്ടാകുന്ന നിരാശ വാക്കുകൾ കൊണ്ട് വ്യക്തമാക്കാനാവില്ല. വ്യത്യാസമില്ലായ്മയാണ് ജനാധിപത്യത്തിന്റെ ഉറച്ച അടിസ്ഥാനം എന്നാൽ പലപ്പോഴും ഈ അടിസ്ഥാനം തന്നെ ഇല്ലാതാകുന്ന രീതിയിലാണ് ചില പ്രവർത്തനങ്ങൾ നടക്കുന്നത്.

മാധ്യമങ്ങൾക്കും ഇവിടെ വലിയ ഉത്തരവാദിത്തമുണ്ട്. സെലിബ്രിറ്റികളെ മാത്രം കാണിച്ച് ക്യാമറകൾ കൊണ്ട് അവരുടെ പിന്നാലെ ഓടുകയും സാധാരണക്കാർ ഒന്നും അല്ലെന്ന രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കണം. മാധ്യമങ്ങളുടെ ശ്രദ്ധ സമൂഹത്തിന്റെ മനസിനെ സ്വാധീനിക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ്. എന്നാൽ അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് അവർ മറക്കരുത്. സെലിബ്രിറ്റികളെയാണ് അധികമൊക്കെ ക്യാമറകൾ പിന്തുടരുന്നത്. എന്നാൽ വോട്ടിംഗ് കേന്ദ്രങ്ങളിൽ കാത്തുനിൽക്കുന്ന ഒരു സാധാരണ അമ്മയുടെയോ ഒരു പ്രായമായ ആളുടെയോ പ്രയാസങ്ങളാണ് യാഥാർത്ഥ്യത്തിൽ കൂടുതൽ സംസാരിക്കപ്പെടേണ്ട വിഷയങ്ങൾ.

തിരഞ്ഞെടുപ്പ് ദിവസം ജനങ്ങൾ മണിക്കൂറുകൾ കാത്തുനിൽക്കുമ്പോൾ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുന്ന ഒരു സംവിധാനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്‌. വോട്ട് ചെയ്യാൻ എത്തുന്ന ഓരോരുത്തരും രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ തുല്യ പങ്കാളികളാണ്. അതിനാൽ പേരിനെയോ പ്രശസ്തിയെയോ ആശ്രയിച്ച് വ്യത്യാസം കാണിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ജനാധിപത്യത്തിന്റെ ആത്മാവ് നിലനിൽക്കേണ്ടത് തുല്യ പരിഗണനയിലൂടെയാണ്. സാധാരണക്കാരനും സെലിബ്രിറ്റിയും ഇടുന്ന വോട്ട് ഒരേ മൂല്യമുള്ളതാണ്. അതിനാൽ വോട്ടിംഗ് കേന്ദ്രങ്ങളിൽ എല്ലാവർക്കും ഒരേയൊരു നിരയും ഒരേ സമയം കാത്തിരിപ്പുമാകണം. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനാണെങ്കിൽ വോട്ട് ചെയ്യാനുള്ള അവകാശം എല്ലായ്പ്പോഴും എല്ലാവർക്കും ഒരുപോലെ തന്നെ നടപ്പിലാക്കപ്പെടണം. അതാണ് ഒരു ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളം.

✍️ എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
7592956315

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0