ലോക ഗുരുവിൻ്റെ മാതൃക ജീവിതം
ലോകത്ത് ഏറ്റവും വളർന്നുകൊണ്ടിരിക്കുന്ന മതമാണ് ഇസ്ലാം. ഇസ്‌ലാമിനെ പഠിക്കാൻ ശ്രമിച്ച പലരും യാഥാർത്ഥ്യം തിരിച്ചറിഞ്ഞു എന്നതാണ് അതിൻ്റെ പ്രധാന കാരണം. എങ്കിലും ഇസ്ലാമിനെ വിമർശിക്കുകയും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓറിയന്റലിസ്റ്റുകളും യുക്തിവാദികളുമായ വലിയൊരു വിഭാഗം ഇപ്പോഴും സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇസ്ലാമിനെ തകർക്കുക എന്ന ലക്ഷ്യസാഫല്യത്തിനായി ഇക്കൂട്ടർ കൈകൊണ്ടിട്ടുളള ഒരു പ്രധാന മാർഗം തിരുനബിക്കെതിരെ അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ്. പ്രവാചകരുടെ വ്യക്തിത്വം വികലമാക്കി ചിത്രീകരിക്കലാണ് അവരുടെ പ്രധാന അജണ്ട.
പ്രവാചക ജീവിതത്തെ വ്യക്തമായി മനസ്സിലാക്കിയെടുത്തവർക്കേ അവിടുത്തെ വിസ്‌മയ ജീവിതത്തെ തിരിച്ചറിയാനാവൂ. അത്തരത്തിൽ തിരുനബിയുടെ വിസ്മയ ജീവിതത്തെ പകർത്തിയെടുത്ത പുസ്തകമാണ് മുഹമ്മദ് അനസ് അമാനിയുടെ' ലോകൈക ഗുരു'. പ്രവാചകന്റെ ജീവിതത്തെ കുറഞ്ഞ സമയം കൊണ്ട് വായിച്ചെടുക്കാൻ കഴിയുന്ന ഹ്രസ്വമായ പുസ്തകം. ഹൃദ്യമായ സംസാരങ്ങൾ കൊണ്ട് സമൂഹത്തിന് പ്രവാചക ജീവിതത്തെ പഠിപ്പിച്ചു കൊടുത്ത പ്രഭാഷകൻ കൂടിയാണ് എഴുത്തുകാരൻ. സരളമായ ഭാഷയിൽ സാഹിത്യങ്ങളില്ലാതെ സാധാരണക്കാരെയടക്കം പരിഗണിച്ചുള്ള എഴുത്ത് തീർച്ചയായും കൂടുതൽ വായനക്കാരെ രൂപപ്പെടുത്തും. പ്രവാചകൻ മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച വലിയ മനുഷ്യനായിരുന്നു എന്ന് ഇതിലെ ഓരോ താളുകളും വ്യക്തമാക്കി തരുന്നു.
പ്രവാചകന്റെ മാനവികതയെ തിരിച്ചറിയാതെ ജീർണിച്ചുപോയ ഒരുപറ്റം മനുഷ്യർക്കുള്ള ഉത്തരങ്ങളാണ് പുസ്തകത്തിലെ ഓരോ അധ്യായങ്ങളും, മനുഷ്യനോടും പ്രകൃതിയോടുമുള്ള പ്രവാചകന്റെ കരുതൽ, സമൂഹത്തിലെ ആലംബഹീനർക്ക് പ്രവാചകൻ നൽകിയ സുരക്ഷ, കുടുംബജീവിതം, സ്നേഹം, സഹനം, സാമൂഹിക നീതി തുടങ്ങി ഇരുപത്തിയെട്ട് അധ്യായങ്ങളിലായി പ്രവാചക ജീവിതത്തിലേക്കുള്ള കണ്ണാടിയാണീപുസ്തകം.
അമേരിക്കൻ മുസ്‌ലിം വിരുദ്ധ എഴുത്തുകാരനും ബ്ലോഗർ കൗണ്ടർ ജിഹാദ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ റോബർട്ട് സ്പെൻസർ 'The Truth About Muhammad: Founder of the World's Most Intolerant Religion എന്ന തന്റെ പുസ്തകത്തിൽ തീവ്രവാദം, സ്ത്രീ വിരുദ്ധത തുടങ്ങി മനുഷ്യാവകാശ ധ്വംസനങ്ങളുടെ മുഴുവൻ മൂർത്തി ഭാവമായിട്ടാണ് പ്രവാചകരെ അവതരിപ്പിക്കുന്നത്. പ്രവാചക വിദ്വേഷികളായ ഓറിയന്റലിസ്റ്റുകളുടെ എഴുത്തുകളുടെയും ഭാഷണങ്ങളുടെയും ഭാവവും ശൈലിയും ആശയവുമാണ് റോബർട്ട് സ്പെൻസർ പ്രകടിപ്പിച്ചിരിക്കുന്നത്.
മാനവിക വിരുദ്ധ പക്ഷത്തു നിന്നുകൊണ്ട് പ്രവാചകരെ കല്ലെറിയുന്നതിന് പകരം, പ്രവാചകന്റെ യഥാർത്ഥ ജീവിതവും സന്ദേശവും ചിത്രീകരിക്കുന്ന സീറകളും അവലംബിച്ചെഴുതിയ പുസ്തകങ്ങളും വായിക്കുക എന്നതാണ്. ഇത്തരം വിമർശനങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാനുള്ള പ്രധാന ഉപാധി.
പ്രവാചകന്റെ കാലഘട്ടം, അടിമത്തം വ്യാപകമായ കാലഘട്ടമായിരുന്നു. പ്രവാചകൻ ഒരു സാമൂഹിക നേതാവ് എന്ന നിലക്ക് അടിമകൾക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയത് എന്ന് ഓറിയന്റലിസ്റ്റുകളുടെ എക്കാലത്തെയും ഒരു ചോദ്യമാണ്. അടിമകളോട് പ്രവാചകന്റെ ഇടപെടലുകൾ എങ്ങനെയായിരുന്നു എന്ന് ഈ പുസ്തം വ്യക്തമാക്കിത്തരുന്നു. നിങ്ങളുടെ സഹോദരന്മാരാണ് നിങ്ങളുടെ അടിമകൾ എന്നുപറഞ്ഞ് അടിമകളോടുള്ള സമീപനത്തെ തിരു നബി മയപ്പെടുത്തി. അടിമ മോചനം വലിയ പ്രതിഫലം ഉള്ളതായി പ്രഖ്യാപിച്ചു. ആരെങ്കിലും അടിമയുടെ മുഖത്തടിച്ചാൽ അവനെ മോചനം ചെയ്യലാണ് അതിനുള്ള പ്രതിവിധി എന്ന് പഠിപ്പിച്ചു.
ഭക്ഷണം,വസ്ത്രം, പാർപ്പിടം, ചികിത്സ തുടങ്ങിയ ആവശ്യമായതെല്ലാം നൽകണമെന്ന് നിഷ്‌കർഷിച്ചു. അവർക്ക് കഴിയാത്തത് അവരോട് കൽപ്പിക്കരുത്, ഇനി കൽപിച്ചാൽ അവരെ സഹായിക്കണം തുടങ്ങി അന്നുവരെ അടിമകൾക്ക് ലഭിക്കാത്ത സുരക്ഷാ കവചം ഒരുക്കിയത് പ്രവാചകനായിരുന്നു. പ്രവാചകന്റെ പ്രഖ്യാപനങ്ങളിലൂടെയാണ് അടിമകൾക്ക് ഒരു മാനുഷിക പരിഗണന ലഭിക്കുന്നത് അടിമകളോടുള്ള തിരുനബിയുടെ കരുതലുകളും പ്രഖ്യാപനങ്ങളും വളരെ വ്യക്തമായി തന്നെ ഈ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്..
പെരുമാറ്റ മനഃശാസ്ത്രത്തിന്റെ (behaviour spychology) ഉപജ്ഞാതാവായി കരുതപ്പെടുന്ന ജോൺ ബി വാട്സൺ അഭിപ്രായപ്പെട്ടതനുസരിച്ച് ഒരാളുടെ വ്യക്തിത്വം നിർണയിക്കപ്പെടുന്നത് അയാൾ മറ്റുള്ളവരോടും തന്റെ ചുറ്റുപാടിനോടും പുലർത്തുന്ന പെരുമാറ്റ സമീപനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. തിരുനബിയുടെ സ്വഭാവത്തെ വായിക്കുമ്പോൾ അത്തരത്തിലുള്ള വ്യക്തിത്വത്തിനുടമയായിരുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. അറുപത്തിമൂന്ന് വർഷത്തെ ജീവിതത്തിനിടയിൽ സകലരോടും അലിവോടെയാണ് പെരുമാറിയത്. സമൂഹം അകറ്റിയവരെ ചേർത്തുപിടിച്ചു. ശത്രുവിനെ മിത്രമായും. ഒറ്റപ്പെട്ടവർക്ക് കൂട്ടായും നല്ല മനുഷ്യസ്നേഹ മാതൃകകൾ തിരുനബി സമർപ്പിച്ചു.
മുതിർന്നവരോട് മാത്രമല്ല കുട്ടികളോടും വലിയ സ്നേഹവും അനുകമ്പയുമായിരുന്നു തിരുനബിക്ക്. കൊച്ചു കുരുവിയെ വളർത്തിയിരുന്ന അനസ്(റ) വിൻ്റെ സഹോദരനായ അബു ഉമൈറിന്റെ പക്ഷിക്കുഞ്ഞ് ചത്തു പോയപ്പോൾ ആ കുട്ടി വല്ലാതെ ദുഃഖിച്ചു. തിരുനബി(സ്വ) അവനെ കണ്ടപ്പോൾ തമാശ രൂപത്തിൽ ചോദിച്ചു. അബൂ ഉമൈർ, നിന്റെ കുരുവിക്കുഞ്ഞ് എന്തെടുക്കുകയാണ്?. തിരുനബി തന്നോട് കുരുവിയുടെ കാര്യം സംസാരിച്ചല്ലോ എന്ന സന്തോഷം അബു ഉമൈറിന് വലിയ ആശ്വാസമായി. അവനെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രമാണ് തിരുദൂതർ അബൂ ഉമൈറിന്റെ വീട്ടിലേക്ക് പോയത്. അങ്ങനെ എത്രയെത്ര കുഞ്ഞിളം മനസ്സുകളിലാണ് തിരുനബി(സ്വ) ജീവിക്കുന്നത്.
'ആരാണ് നല്ലവരെന്ന് പെണ്ണ് പറയട്ടെ' എന്ന അധ്യായത്തിലൂടെ പ്രവാചകൻ സ്ത്രീകൾക്ക് നൽകിയ സ്ഥാനങ്ങളെയാണ് പ്രതിപാദിക്കുന്നത്. സ്ത്രീ ഉപഭോഗ വസ്തുവായും അപമാനഹേതുവായും സ്ത്രീ മാനത്തെ കുഴിച്ചുമൂടിയിരുന്ന ആറാം നൂറ്റാണ്ടിൽ സ്ത്രീകളുടെ അന്തസ്സിന് പ്രഭാവട്ടം നൽകി. ആ മനോഭാവത്തെ തിരുത്തിയെഴുതാൻ പ്രവാചകൻ നടത്തിയ ഇടപെടലുകളെ കൃത്യമായി ഈ അധ്യായത്തിൽ പറയുന്നുണ്ട്. നിങ്ങളിൽ ഏറെ നല്ലവർ നിങ്ങളുടെ ഭാര്യമാരോട് നന്നായി വർത്തിക്കുന്നവരാണെന്നും. അവരോട് അകലം പാലിക്കുന്നവർ എന്നിൽ നിന്നും അകന്നവരാണെന്നും തിരുനബി(സ്വ) സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കുന്നു.
'മൃഗങ്ങളോടും ദയാവായ്പ്പ' എന്ന അധ്യായത്തിൽ മൃഗങ്ങളോട് പെരുമാറേണ്ട രൂപത്തെയാണ് പരാമർശിക്കുന്നത്. മനുഷ്യർക്ക് മനുഷ്യരോട് മാത്രമല്ല മറ്റു ജീവജാലങ്ങളോടും ബാധ്യതകൾ ഉണ്ടെന്നും അവയെ സമീപിക്കുമ്പോൾ കരുണയുടെയും സ്നേഹത്തിന്റെയും മഹാമനസ്സ് കൂടെയുണ്ടാവണമെന്നും മനുഷ്യരായിട്ട് തന്നെ മൃഗങ്ങളോടും പറവകളോടും വർത്തിക്കണമെന്നും അവിടുന്ന് പഠിപ്പിച്ചു. മൃഗങ്ങളെ അറവു നടത്തുമ്പോൾ പോലും അവയുടെ വേദന തിരിച്ചറിയണം. കത്തി നന്നായി മൂർച്ച കൂട്ടണം. അന്നനാളവും ശ്വാസനാളവും സുഗമമായി ഒരുപോലെ മുറിഞ്ഞു പോകണം. മുറിവേറ്റു ജീവികൾ ഒരുപാട് കഷ്ടപ്പെടരുത്. മൃഗത്തെ അറക്കുമ്പോൾ മറ്റു മൃഗങ്ങൾ അത് കാണാനിടയാകരുത്. കറവ നടത്തുമ്പോൾ പോലും മൃദുവായി പെരുമാറണം. കറക്കുന്നയാൾക്ക് ശുചിത്വം വേണം. നഖം വെട്ടിയിരിക്കണം. മുറിക്കാത്ത നഖം അകിടിൽ തട്ടി ആ ജീവിക്ക് മുറിവേറ്റാലോ? ജീവികളോടും അജീവികളോടും എന്തൊരു കരുതലാണ്. മനുഷ്യൻ മനുഷ്യനോടുപോലും കനിവും കാരുണ്യവും കാട്ടാൻ മടിക്കുന്ന കാലത്ത് പ്രവാചകന്റെ ഈ മാതൃകാ ജീവിതത്തിന് പ്രസക്തിയേറെയാണ്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാനവിക മൂല്യങ്ങൾക്ക് വെള്ളിവെളിച്ചം നൽകിയ പ്രവാചകന്റെ ജീവിതമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. തിരുനബിയെയും അവിടുത്തെ ജീവിത ലക്ഷ്യത്തെയും ലളിതമായ രൂപത്തിൽ ഈ പുസ്തകത്തിൽ വായിക്കാനാവും. തിരുനബിയെ ദൂഷണം ചെയ്യുന്നവർക്കു പോലും പ്രവാചകനെ ഈ പുസ്തകത്തിലൂടെ വീക്ഷിക്കാൻ കഴിയും. വിശ്വാസികളുടെ ഹൃദയങ്ങൾ ആത്മ നിർവൃതിയിൽ ലയിച്ചുപോകുന്ന നബി കഥകൾ ഓരോ അധ്യായത്തിലും കടന്നുവരുന്നുണ്ട്. പുസ്തകം വായിച്ചു തീരുമ്പോൾ തീർച്ചയായും ഒരു നല്ല മനുഷ്യനായി നമുക്ക് പരിവർത്തനപ്പെടാനാവും.
✍️ നാഫിഹ് വളപുരം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


