എൻമകജെ: വേദനയും പ്രതീക്ഷയും തമ്മിൽ പൊരുതുന്ന ഒരു പഞ്ചായത്ത്

Dec 2, 2025 - 11:16
എൻമകജെ: വേദനയും പ്രതീക്ഷയും തമ്മിൽ പൊരുതുന്ന ഒരു പഞ്ചായത്ത്

കാസറഗോഡ് ജില്ലയിലെ എൻമകജെ പഞ്ചായത്തിന്റെ ജനജീവിതം ഇന്ന് പലതരം പ്രതിസന്ധികളിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും കരുതലിൽ വളർന്ന ഈ മണ്ണിൽ, ഇന്ന് ഓരോ വീട്ടിലും ഓരോ മനുഷ്യന്റെയും ജീവിതത്തിലുമാണ് ദുരിതത്തിന്റെ പാടുകൾ പതിഞ്ഞിരിക്കുന്നത്. വർഷങ്ങളായി കൂടിക്കൂടി വന്ന പ്രശ്നങ്ങൾ ആരോഗ്യം, കുടിവെള്ളം, തൊഴിൽ, റോഡ് സൗകര്യം, വിദ്യാഭ്യാസം, പരിസ്ഥിതിഇവയൊന്നും ഇന്നേവരെ പൂർണ്ണ പരിഹാരത്തിലേക്ക് എത്തിയിട്ടില്ല. ഏറ്റവും വലിയ മുറിവായി ഇന്നും നിലകൊള്ളുന്നത് എൻഡോസൾഫാൻ ദുരന്തമാണ്. വർഷങ്ങളോളം ഹെലികോപ്റ്ററിൽ സ്പ്രേ ചെയ്ത ഈ വിഷവസ്തുവിന്റെ പ്രതികൂല ഫലങ്ങൾ ഇന്നും ഇവിടെ ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണുകളിൽ കാണാം. ജന്മനാ വൈകല്യങ്ങളോടുകൂടിയ കുട്ടികൾ, നാഡീവ്യൂഹ തകരാറുകളുമായി കിടപ്പിലായവർ, കാൻസറിന്റെ പിടിയിൽപ്പെട്ടവരുടെ വേദന, ചികിത്സയ്ക്കായി ജീവിതം താങ്ങാനാവാതെ തളർന്നവർ ഇവരൊക്കെ ഇപ്പോഴും എൻമകജെ പഞ്ചായത്തിന്റെ നിശ്ശബ്ദ യാഥാർത്ഥ്യമാണ്. സർക്കാർ സഹായം ലഭിക്കുന്നുണ്ടെങ്കിലും, പലർക്കും അത് മതിയായ രീതിയിൽ എത്തുന്നില്ല. രോഗവും ദാരിദ്ര്യവും തമ്മിൽ പിടഞ്ഞു കഴിയുന്ന നിരവധി കുടുംബങ്ങൾ ഇന്നും അടിസ്ഥാന സഹായങ്ങൾക്കായി കാത്തിരിക്കുന്നു.

കുടിവെള്ളം എന്ന മനുഷ്യന്റെ ഏറ്റവും അടിസ്ഥാനാവശ്യത്തിനുപോലും ഇവിടെ സ്ഥിരതയില്ല. ചില വാർഡുകൾക്ക് ഇന്നും ശുദ്ധജലം ലഭിക്കാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും നടന്നുപോകലുമാണ്. പൈപ്പ് ലൈൻ കേടുപാടുകളും പുനഃസ്ഥാപനത്തിലുണ്ടാകുന്ന വൈകലും കാരണം ജനങ്ങൾ ഓരോ ദിവസവും നേരിടുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്.
റോഡുകളും ഗതാഗത സൗകര്യങ്ങളും മഴക്കാലത്ത് പൂർണ്ണമായും തകരാറിലാകും. സ്കൂളുകളിലേക്കോ ആശുപത്രികളിലേക്കോ ഒരു അടിയന്തര യാത്ര പോലും ഇവിടെ ചിലപ്പോൾ വലിയ പരീക്ഷണമായി മാറുന്നു. ചെളിയിലും കുഴികളിലും മഴവെള്ളത്തിലും കുടുങ്ങുന്ന വാഹനങ്ങൾ, യാത്ര മുടങ്ങി വീട്ടിലേക്ക് തിരികെ പോകുന്ന രോഗികൾ ഇവയാണ് ഇന്നത്തെ യാഥാർത്ഥ്യം.
ആരോഗ്യസൗകര്യങ്ങൾ ഇപ്പോഴും പര്യാപ്തമല്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ സ്റ്റാഫ് കുറവും മരുന്നിന്റെ അഭാവവും അടിയന്തര സേവനങ്ങളിലെ അപര്യാപ്തതയും ജനങ്ങളുടെ ആരോഗ്യസുരക്ഷയെ തളർത്തുകയാണ്. വൈകല്യബാധിതർക്കും ദീർഘകാലരോഗികൾക്കും ആവശ്യമായ പ്രത്യേക പരിചരണവും ഹോം-കെയർ സംവിധാനങ്ങളും സ്ഥിരതയോടെ ലഭ്യമല്ല.

തൊഴിൽ സാധ്യതകളുടെ കുറവ് യുവാക്കളുടെ മനസ്സിൽ നിരാശ നിറയ്ക്കുന്നു. സ്ഥിരതയുള്ള വരുമാനമാർഗ്ഗങ്ങൾ ലഭിക്കാത്തതും MNREGA പോലുള്ള പദ്ധതികൾ ഇടയ്ക്കിടെ നിലക്കുന്നതും ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണ യുവാക്കളെയും കുടുംബങ്ങളെയുമാണ്. ദിവസേനയുള്ള ചെലവുകൾ പോലും കണ്ടെത്താനാവാതെ പലരും ജീവിതം പണയം വച്ച് മുന്നോട്ട് പോവുകയാണ്.
വയോധികരും വൈകല്യബാധിതരും ഈ പഞ്ചായത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിഭാഗമാണ്. ദിനപരിചരണത്തിനുള്ള കേന്ദ്രങ്ങളില്ലാത്തതും പ്രത്യേക സഹായസൗകര്യങ്ങൾ ലഭിക്കാത്തതും മൂലം പലരും പൂർണ്ണമായും കുടുംബങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്നു. കുടുംബങ്ങൾക്കും അതേത്രത്തോളം വലിയ ഭാരം തന്നെയാണ്.

ഇവിടെ ജീവിക്കുന്ന ഓരോരുത്തരും നമ്മളെപ്പോലെയുള്ള മനുഷ്യരാണ്. അവർക്കും ജീവിതമുണ്ട്. കുടുംബമുണ്ട്. സ്വപ്നങ്ങളുണ്ട്. കഷ്ടപ്പെടുന്ന ജനങ്ങളുടെ യാഥാർത്ഥ്യങ്ങൾ കാണാതെയോ കേൾക്കാതെയോ പോകുന്നത് ഒരു സമൂഹത്തിനും ഒരു ഭരണകൂടത്തിനും നിന്ദയാണ്. എൻമകജെ പഞ്ചായത്തിൽ ഇന്ന് വേണ്ടത്, പ്രശ്നങ്ങളോട് കണ്ണടക്കാത്ത ജീവിതങ്ങളെ രക്ഷിക്കാനുള്ള അടിയന്തര നടപടികളാണ്. ഈ മണ്ണിന്റെ വേദനയും ഈ ജനങ്ങളുടെ വാക്കുകളും ഭരണകൂടം ഉത്തരവാദിത്തത്തോടെ കേൾക്കേണ്ട സമയമാണിത്.

✍️ എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ 
7592956315

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0