ശ്വാസം മുട്ടുന്ന ലോകം;ബദൽ സംവിധാനങ്ങൾ അനിവാര്യം

Nov 28, 2025 - 13:59
ശ്വാസം മുട്ടുന്ന ലോകം;ബദൽ സംവിധാനങ്ങൾ അനിവാര്യം

വായു മലിനീകരണം ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നാണ്. ഓരോ വർഷവും ഏകദേശം ഏഴ് ദശലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് ഈ നിശ്ശബ്ദ കൊലയാളി കവർന്നെടുക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിന് മാത്രമല്ല, ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയുയർത്തുന്ന ഈ ഗുരുതര പ്രശ്നത്തിൽ, ഇന്ത്യ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് നമ്മുടെ മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ഡിസംബർ 2-ന് ആചരിക്കുന്ന ദേശീയ മലിനീകരണ നിയന്ത്രണ ദിനം നമ്മെ കൊണ്ടെത്തിക്കുന്നത് 1984-ലെ ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിലേക്കാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഈ സംഭവം, സുരക്ഷാ വീഴ്ചകളുടെയും അധികൃതരുടെ അനാസ്ഥയുടെയും ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. ഔദ്യോഗിക കണക്കനുസരിച്ച് ചോർച്ച നടന്ന ഉടൻ 2,259 പേർ മരണമടഞ്ഞെങ്കിലും, കണക്കുകൾ പ്രകാരം 16,000 മുതൽ 30,000 പേർ വരെ മരണപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് ജീവിതകാലം മുഴുവൻ രോഗങ്ങൾ സമ്മാനിക്കുകയും ചെയ്തു. ശ്വാസം കിട്ടാതെ പിടഞ്ഞ ആ ജനതയുടെ കഷ്ടപ്പാടുകൾ നമ്മുടെ വ്യവസായ സുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തെയാണ് അടയാളപ്പെടുത്തുന്നത്.

ഇന്ന് ഭോപ്പാലിന് സമാനമായ ഒരു ഭീഷണി ഇന്ത്യയിലെ നഗരങ്ങളിൽ സാവധാനം പടർന്നുപിടിക്കുകയാണ്. നഗരങ്ങളിലെ അന്തരീക്ഷത്തിൽ നിറയുന്ന വിഷപ്പുക ശ്വസിച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ ലക്ഷക്കണക്കിന് ആളുകളാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ദുരിതമനുഭവിക്കുന്നത്. ഈ മലിനീകരണത്തിന്റെ വേഗത കുറയ്ക്കാൻ അടിയന്തരവും കർശനവുമായ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്.

വായു മലിനീകരണത്തിന് പ്രധാന കാരണം അശാസ്ത്രീയമായ മാലിന്യ സംസ്കരണമാണ്. റോഡരികിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് കൂമ്പാരങ്ങളും തടയാൻ ശാസ്ത്രീയമായ മാലിന്യ നിർമാർജന സംവിധാനങ്ങൾ സ്ഥാപിക്കണം. കൂടാതെ, പൊതുജന പങ്കാളിത്തത്തോടെ "Reduce, Reuse, Recycle" എന്ന ത്രിമൂർത്തി മന്ത്രം ജീവിതചര്യയുടെ ഭാഗമാക്കാൻ പ്രോത്സാഹനം നൽകുകയും വേണം.

 പരിസ്ഥിതിയെയും മനുഷ്യരെയും മാരകമായി ബാധിക്കുന്ന കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതോപയോഗം തടയേണ്ടത് അത്യാവശ്യമാണ്. മനുഷ്യജീവിതത്തെ അവഗണിച്ച് ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യാവസായിക സ്ഥാപനങ്ങൾക്കും, അപകടകരമായ പരീക്ഷണങ്ങൾ നടത്തുന്ന ഗവേഷണ കേന്ദ്രങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും അമിതമായ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ പരിസരവാസികൾക്ക് പോലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിൽ, കൂടുതൽ നിയന്ത്രിതമായ സുരക്ഷാ മാർഗ്ഗരേഖകൾ അനിവാര്യമാണ്.

 പ്രകൃതിയുടെ നിലനിൽപ്പിനും മനുഷ്യന്റെ ആരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ട് ഭരണാധികാരികൾ ശക്തമായി ഇടപെടണം. മൗനം പാലിക്കുന്നത് വരാനിരിക്കുന്ന ദുരന്തങ്ങൾക്ക് വഴിയൊരുക്കും. ലാഭേച്ഛയ്ക്ക് അപ്പുറം മനുഷ്യജീവിതമാണ് ഏറ്റവും വിലപ്പെട്ടത് എന്ന തിരിച്ചറിവാണ് ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ഏക പോംവഴി. ഈ തിരിച്ചറിവ് ഓരോ വ്യക്തിയിലും സ്ഥാപനത്തിലും ഭരണകൂടത്തിലും ഉണ്ടാകുമ്പോൾ മാത്രമേ നമുക്ക് ശുദ്ധവായു ശ്വസിക്കാൻ സാധിക്കൂ.

✍️ സുഹൈൽ കനിയാല

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0