കാസർകോട് ഫ്ളീ; നിർദ്ദേശം അവഗണിച്ചുവെന്ന പരാതിയിൽ സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Nov 24, 2025 - 14:06
കാസർകോട് ഫ്ളീ; നിർദ്ദേശം അവഗണിച്ചുവെന്ന പരാതിയിൽ സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കാസർകോട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ താരമായ ഹനാൻ ഷാ അവതരിപ്പിച്ച സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നിർദ്ദേശം അവഗണിച്ചതിന് സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് സ്വമേധയാ കേസെടുത്തു. നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിന് കിഴക്കുവശം സ്പീഡ് വെ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ അതിരുകടന്ന തിരക്ക് സൃഷ്‌ടിച്ച് ജനജീവിതത്തിന് അപകടം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് കാസർകോട് ഇൻസ്പെക്ടർ നളിനാക്ഷൻ്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ബി എൻ എസ് വകുപ്പുകൾ 125, 125(a), 189(3), 3(5) എന്നിവയും കേരള പോലീസ് ആക്ടിലെ 118(ഇ) വകുപ്പുകൾ ചേർത്ത് പോലീസ് നൽകിയ മുന്നറിയിപ്പ് വകവെക്കാതെ പതിനായിരത്തിലധികം ആളുകൾക്ക് സംഘാടകർ ടിക്കറ്റുകൾ വിറ്റ് പ്രവേശനം അനുവദിച്ചുവെന്നാണ് പരാതിയിലുള്ളത്.

പരിപാടിയുടെ മൂന്നാം ദിവസം ഞായറാഴ്ച്‌ച രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം. ഹനാൻ ഷാ അവതരിപ്പിച്ച സ്റ്റേജ് ഷോ കാണാൻ 5000-ത്തിലധികം ആളുകൾ വരുമെന്ന വിവരം മുൻകൂട്ടി പോലീസിന് ലഭിച്ചിരുന്നു. എന്നാൽ 3000 പേരെ മാത്രം അനുവദിക്കാമെന്ന മുന്നറിയിപ്പ് പോലീസ് രേഖാമൂലം സംഘാടകർക്ക് നൽകിയിരുന്നു. ഇതോടെ ഓഡിറ്റോറിയത്തിനകത്തുതന്നെ വൻ ജനത്തിരക്കായിരുന്നു. അകത്തുള്ളതിനെക്കാൾ രണ്ടിരട്ടിയിലധികം ആളുകൾ പുറത്തും തടിച്ചുകൂടിയിരുന്നു. തിക്കിലും തിരക്കിലും പെട്ട് 16 പേർ ശ്വാസതടസ്സം മൂലം കുഴഞ്ഞുവീഴുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പൊലീസ് ബലം പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്. പോലീസിൻ്റെ മുന്നറിയിപ്പ് ലംഘിച്ച് ജനസുരക്ഷക്ക് ഭീഷണി സൃഷ്‌ടിച്ചു എന്നുള്ളതാണ് സംഘാടകർക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. വൻ തിരക്കിനെ തുടർന്ന് ദേശീയ പാതയിൽ അടക്കം ഗതാഗതം തടസ്സപ്പെടുകയും ചെയ്‌തിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0