വര്‍ധിപ്പിച്ച പെന്‍ഷനും കുടിശ്ശികയും ചേർത്ത് 3600 രൂപ ക്ഷേമ പെന്‍ഷൻ; നവംബറില്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

Oct 31, 2025 - 14:52
Oct 31, 2025 - 14:55
വര്‍ധിപ്പിച്ച പെന്‍ഷനും കുടിശ്ശികയും ചേർത്ത് 3600 രൂപ ക്ഷേമ പെന്‍ഷൻ; നവംബറില്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെൻഷനും ഒരു മാസത്തെ കുടിശ്ശികയും ചേർത്ത് ക്ഷേമ പെന്‍ഷൻ 3600 രൂപ നവംബറിൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ ക്ഷേമ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുന്നതോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും നൽകുന്നത്. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ കുടിശികയുണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

2023-24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതാണ്. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷത്തിൻ്റെ പകുതിയിൽ തന്നെ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അവസാന ഗഡു കുടിശ്ശികയും നൽകുന്നത്. ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേർക്കുമാത്രമാണെന്നിരിക്കെ കേന്ദ്ര സർക്കാരിൽനിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികൾക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് ലഭിക്കാനുണ്ട്. ഈ തുക കൂടിയാണ് സംസ്ഥാന സർക്കാർ മുൻകൂർ നൽകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0