ഗസ്സയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കളിപ്പാട്ടമെന്ന് കരുതി ബോംബുകൾ കയ്യിലെടുത്ത് കുട്ടികൾ
ഗസ്സ: ഗസ്സ നഗരത്തിൽ ഇസ്റാഈൽ അധിനിവേശത്തെ തുടർന്ന് തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ പതിനായിരക്കണക്കിന് ടൺ പൊട്ടാത്ത ബോംബുകൾ. അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇസ്‌റാഈൽ തൊടുത്തുവിട്ട പതിനായിരക്കണക്കിന് ടൺ പൊട്ടാത്ത ബോംബുകൾ ഗസ്സ മുനമ്പിൽ ജനങ്ങൾക്ക് ഭീഷണിയാകുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. പൊട്ടാത്ത ബോംബുകൾ കുട്ടികൾ കളിപ്പാട്ടങ്ങളായി തെറ്റിദ്ധരിക്കുന്നത് കാരണം വലിയ ദുരന്തങ്ങൾക്കാണ് വഴിവെക്കുന്നത്.
ഇസ്റാഈൽ ഗസ്സയിൽ 2,00,000 ടണ്ണോളം സ്ഫോടകവസ്‌തുക്കൾ വർഷിച്ചതായും, അതിൽ ഏകദേശം 70,000 ടണ്ണോളം പൊട്ടിത്തെറിക്കാതെ കിടക്കുന്നുണ്ടെന്നും പലസ്‌തീൻ സിവിൽ ഡിഫൻസ് വക്താവ് ജസീറയോട് പറഞ്ഞു. ശിഥിലമായ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോഴും 9,000-ത്തോളം പലസ്‌തീനികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായ ഇസ്‌റാഈലി ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനാണ് പുതിയ ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ടുണ്ട്. നിരുപദ്രവകരമെന്ന് തോന്നുന്ന കളിപ്പാട്ടങ്ങൾ, ടിന്നുകൾ, അവശിഷ്‌ടങ്ങൾ എന്നിവയെല്ലാം സ്ഫോടക വസ്‌തുക്കളായി മാറുന്നതിനാൽ ഈ സാഹചര്യം ഒരു പൊതുജനാരോഗ്യ ദുരന്തമാണ് സൃഷ്ടിക്കുന്നതെന്ന് ഗസ്സ സിറ്റിയിലെ അൽ-ഷിഫാ ആശുപത്രിയിലെ എമർജൻസി ഡോക്ടർ അഭിപ്രായപ്പെട്ടു.
സ്ഫോടകവസ്‌തുക്കൾ നീക്കം ചെയ്യാൻ വർഷങ്ങളെടുക്കുമെന്നും ഇതിനായി ദശലക്ഷക്കണക്കിന് ഡോളർ ചെലവ് വരുമെന്നുമാണ് വിലയിരുത്തൽ. 2023 ഒക്ടോബർ മുതൽ ഇതുവരെ പൊട്ടാത്ത സ്ഫോടക വസ്‌തുക്കൾ കാരണം മുന്നൂറിൽ പരം ആളുകൾക്കാണ് മരണം സംഭവിച്ചത്. എല്ലാ ഇസ്‌റാഈലി ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ ലഭിക്കുന്നതുവരെ വെടിനിർത്തലിൽ പുരോഗതി ഉണ്ടാകില്ലെന്നതാണ് നിലവിലെ സാഹചര്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



