കേരളത്തിൽ സവർക്കർ, ഹെഡ്‌ഗേവാർ ചരിത്രം പഠിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ; പ്രചാരണം വ്യാജമെന്ന് മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിൽ വി ഡി സവർക്കർ, ഹെഡ്‌ഗേവാർ, ദീൻദയാൽ ഉപാധ്യായ തുടങ്ങിയവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും കുട്ടികളെ പഠിപ്പിക്കുമെന്നും ഇഷ്‌ടമില്ലാത്തിൽ പഠിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
'നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും മാത്രം ചരിത്രം പഠിച്ചാൽ മതി എന്നാണോ. കാര്യങ്ങളെല്ലാം ശരിയായ നിലയിൽ പഠിക്കണം അതിനുള്ള സംവിധാനങ്ങൾ ഉണ്ടാകും. വളച്ചൊടിക്കില്ല, ശരിയായ ചരിത്രം കുട്ടികളെ പഠിപ്പിക്കണം അത് ന്യായമായിട്ടുള്ള കാര്യമാണ്' സുരേന്ദ്രൻ പറഞ്ഞു.പദ്ധതിയെ നാലു വർഷത്തോളം തടഞ്ഞുവെച്ച ശേഷം ഇപ്പോൾ ഒപ്പിട്ടത് സിപിഎമ്മിന്റെ ആശയ പാപ്പരത്തം ആണെന്നും സുരേന്ദ്രൻ പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തങ്ങൾ പറഞ്ഞതായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞു. സി പി എം ട്യൂബ് ലൈറ്റ് പോലെയാണ്, പെട്ടെന്ന് കത്തുകയില്ല. നാലു കൊല്ലം എടുത്താണ് ഒരു കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അതേ സമയം, കെ. സുരേന്ദ്രൻ്റെ പ്രസ്‌താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബി ജെ പി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിൻ്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



