പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമാനം; കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിച്ചേ തീരൂ: വിദ്യാഭ്യാസ മന്ത്രി

Oct 24, 2025 - 17:37
പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമാനം; കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിച്ചേ തീരൂ: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പി എം ശ്രീയില്‍ കേരള വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നാലെ വിശദീകരവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒപ്പിട്ടത് കൊണ്ട് കേരളത്തിലെ പാഠ്യ പദ്ധതി മാറ്റില്ലെന്നും മറിച്ചുള്ള വാദഗതികള്‍ സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുക എന്നതാണ് ലക്ഷ്യം. ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമാണ്. കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപ തടഞ്ഞുവെച്ചത് മറികടക്കാനുള്ള നീക്കമാണിത്. കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തിനും ഈ സർക്കാർ കൂട്ടുനിൽക്കില്ല. കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിച്ചേ തീരൂ. പദ്ധതിയിൽ ഒപ്പിട്ടതോടെ കുടിശ്ശിക അടക്കം 1,476 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കും. പി എം ശ്രീ പദ്ധതി ഒപ്പിടാത്തതിൻ്റെ പേരിൽ 2023-2024 വർഷത്തിൽ കേരളത്തിന് നഷ്‌ടമായത് 188 കോടി 58 ലക്ഷം രൂപയാണ്. 1,158 കോടി 13 ലക്ഷം ആകെ നഷ്ട‌മായി. കേന്ദ്രം കുറേയധികം ഫണ്ട് നൽകാനുണ്ട്. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ടാണ് തടഞ്ഞുവച്ചത്. അത് മറികടക്കാനുള്ള നീക്കമാണിത്. കുട്ടികളുടെ ഭാവി വെച്ച് കളിക്കാനാകില്ല. പ്രധാനമന്ത്രിയുടെ പേരിൽ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളുടെ പേരുകളുടെ മുന്നിൽ പി എം ശ്രീ എന്ന് ചേർക്കുമെന്നാണ് വ്യവസ്ഥ. അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നല്ല. അത് ഒരു ഉടമ്പടിയിലും പറഞ്ഞിട്ടില്ല. ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പാഠപുസ്‌തകം, പെൺകുട്ടികളുടെ അലവൻസുകൾ, പ്രീ പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം പരീക്ഷ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിൻ്റെ നട്ടെല്ലായ കാര്യങ്ങളുടെ പ്രവർത്തനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്. ഈ സാഹചര്യത്തിലും എൻ ഇ പിയെക്കാൾ ബഹുദൂരം മുന്നിലാണ് കേരളം' ശിവൻ കുട്ടി പറഞ്ഞു.

പി എം ശ്രീയില്‍ കേരള വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ എതിർത്ത സി പി ഐ, അവരുടെ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും മുന്നണിയിലെ പ്രശ്‌നങ്ങൾ എല്ലാം തീർക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 0
Wow Wow 0