ഹിജാബ് ധരിച്ച വിദ്യാർത്ഥിനിയെ തടഞ്ഞ സംഭവം; കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പികെ കുഞ്ഞാലികുട്ടി

Oct 18, 2025 - 12:53
ഹിജാബ് ധരിച്ച വിദ്യാർത്ഥിനിയെ തടഞ്ഞ സംഭവം; കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പികെ കുഞ്ഞാലികുട്ടി

എറണാകുളം: ഹിജാബ് ധരിച്ച വിദ്യാർത്ഥിനിയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പള്ളുരുത്തി റിത്താസ് സ്‌കൂളിലുണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്നും ഇത്തരം സംഭവങ്ങൾ കേരളത്തില്‍ നടന്നുകൂടാത്തതാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി പറഞ്ഞു. 'ഒരു കുട്ടിയുടെ തലയില്‍ ഒരുമുഴം നീളം ഉള്ള ഒരു തുണി അവരുടെ ശിരോവസ്ത്രം പോലെ തന്നെയുള്ളതാണ്. അത് കണ്ടാല്‍ പേടിയാകുമെന്നും നിയമവിരുദ്ധമാണെന്നും ഒക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് നിര്‍ഭാഗ്യകരമായി. കേരളത്തില്‍ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും സംഭവിച്ചുകൂടാൻ പാടില്ലാത്തതുമാണ്. പൊതുസമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ്' – കുഞ്ഞാലികുട്ടി വ്യക്തമാക്കി. 

അതിനിടെ, ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇതോടെ സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടു.  മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ വിദ്യാര്‍ഥിനിയുടെ പിതാവ് കക്ഷി ചേരും. കുട്ടിയ്ക്ക് ശിരോവസ്ത്രം ധരിച്ചു സ്‌കൂളില്‍ വരുന്നതിനു തടസങ്ങള്‍ ഇല്ലെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സ്‌കൂളിനോട് കോടതി വിശദീകരണം തേടി. 149 മുസ്ലീം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് മാനേജ്‌മെന്റിനു വേണ്ടി ഹാജരായ അഭിഭാഷക പറഞ്ഞു. സ്‌കൂളിലുള്ളത് കുട്ടികള്‍ മാത്രമാണെന്ന് കോടതി തിരുത്തി. വിവാദങ്ങള്‍ക്ക് ഇടയില്‍ സ്‌കൂള്‍ മാറാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0