ഫ്ലോട്ടിലയിൽ നിന്നും തടവിലാക്കിയ അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളോട് ക്രൂരത കാട്ടി ഇസ്റാഈൽ

Oct 5, 2025 - 12:11
ഫ്ലോട്ടിലയിൽ നിന്നും തടവിലാക്കിയ അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളോട് ക്രൂരത കാട്ടി ഇസ്റാഈൽ

ഇസ്താംബൂൾ: ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട സമൂദ് ഫ്ലോട്ടിലയിൽ നിന്നും തടവിലാക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്‌ത അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളോട് ഇസ്‌റാഈലിൻ്റെ കൊടും ക്രൂരത.   ആക്ടിവിസ്റ്റായ ഗ്രേറ്റ തുൻബർഗിനോട് ഇസ്‌റാഈൽ സേന മോശമായി പെരുമാറിയതായി മറ്റു ആക്‌ടിവിസ്റ്റുകൾ ആരോപിച്ചു. ഗ്രേറ്റ തുൻബർഗിനെ ഇസ്റാഈൽ സേന പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടതായി തുർക്കിഷ് മാധ്യമപ്രവർത്തകനും 'ഗസ്സ സുമൂദ് ഫ്ലോട്ടില' പങ്കാളിയുമായ എർസിൻ സെലിക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തുൻബർഗിനെ നിലത്തിട്ട് വലിച്ചിഴച്ചുവെന്നും ഇസ്റാഈൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ധൈര്യശാലിയായ ഗ്രേറ്റ തുൻബർഗിന് 22 വയസ്സ് മാത്രമാണ് പ്രായം. അവരെ അപമാനിക്കുകയും ഒരു ട്രോഫി പോലെ ഇസ്റാഈൽ പതാകയിൽ പൊതിഞ്ഞ് പ്രദർശിപ്പിക്കുകയും ചെയ്‌തു. അവർ ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയത്. തടവിലായിരുന്നവർക്ക് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നോ നൽകിയില്ല'- ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ലൊറെൻസോ അഗോസ്റ്റിനോ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഓഗസ്റ്റ് അവസാനം ആരംഭിച്ച ഈ ഫ്ലോട്ടില, ഇസ്‌റാഈലിൻ്റെ ഉപരോധം തകർത്ത് ഫലസ്തീനികൾക്ക് സഹായം എത്തിക്കാനുള്ള ഏറ്റവും പുതിയ അന്താരാഷ്ട്ര ശ്രമമായിരുന്നു. സഹായവുമായി പുറപ്പെട്ട ഏകദേശം 40 ബോട്ടുകൾ ഇസ്‌റാഈൽ നാവികസേന തടയുകയും 450-ൽ അധികം ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇസ്റാഈൽ തടവിലാക്കിയ 26 ഇറ്റാലിയൻ പൗരന്മാരെ നാടുകടത്തിയെന്നും, 15 പേർ ഇപ്പോഴും തടവിൽ തുടരുകയാണെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി പറഞ്ഞു. യുഎസ്., ഇറ്റലി, മലേഷ്യ, കുവൈറ്റ്, സ്വിറ്റ്സർലൻഡ്, ടുണീഷ്യ, ലിബിയ, ജോർദാൻ, തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 137 പേരെയാണ് നാടുകടത്തിയത്. ഇവർ ശനിയാഴ്ച്‌ച ഇസ്‌താംബൂളിൽ എത്തിച്ചേർന്നതായി തുർക്കിഷ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0