ഇസ്‌റാഈലിനെ നടുക്കി ഹൂതികളുടെ ഡ്രോൺ ആക്രമണം

Sep 25, 2025 - 12:46
ഇസ്‌റാഈലിനെ നടുക്കി ഹൂതികളുടെ ഡ്രോൺ ആക്രമണം

ടെൽ അവീവ്: ഇസ്‌റാഈൽ തെക്കൻ നഗരമായ എയ്ലത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് ഹൂതി ആക്രമണം. ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. നിരവധി ഓപ്പറേഷൻ നടത്തിയതെന്നും ലക്ഷ്യം വിജയിച്ചെന്നും ഹൂതി വക്താവ് അറിയിച്ചു. ഉം അൽ-റാഷ്റാഷ്, ബിർ അൽ-സബ എന്നീ സ്ഥലങ്ങളിലെ നിരവധി ഇസ്‌റാഈൽ ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്‌യും ഈ പ്രദേശത്തെ ഹൂതികൾ ആക്രമിച്ചിട്ടുണ്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

നഗരങ്ങൾക്ക് നേരെയുള്ള ഏത് ആക്രമണവും ഹൂതി ഭരണകൂടത്തിന് വേദനാജനകമായ തിരിച്ചടി നൽകുമെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. വ്യോമാക്രമണ ഭീഷണിയോട് പ്രതികരിക്കാനുള്ള വഴികൾ ആലോചിക്കാൻ സൈന്യത്തോട് നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ, ലെബനൻ, ഗസ എന്നിവിടങ്ങളിൽ നിന്ന് ഹൂതി തീവ്രവാദികൾ പാഠം ഉൾക്കൊണ്ടില്ലെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്‌റാഈൽ കാട്സ് പറഞ്ഞു. ഇസ്റാഈലിനെ ദ്രോഹിക്കുന്നവർക്ക് ഏഴിരട്ടി ദ്രോഹം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്റാഈൽ ഗാസയിൽ ആക്രമണം ശക്തമാക്കിയത് മുതൽ തന്നെ ഹൂതികൾ ഇസ്റാഈലിനെതിരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇസ്‌റാഈലുമായി ബന്ധപ്പെട്ടുള്ള കപ്പലുകൾ ചെങ്കടലിൽ ലക്ഷ്യം വെക്കുന്നതും ഹൂതികൾ തുടർന്നിരുന്നു. ഗാസയിൽ വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരുമെന്നാണ് ഹൂതികൾ പറയുന്നത്. ഇതിനിടയിലും ആക്രമണം രൂക്ഷമാക്കി കൊണ്ടിരിക്കുന്ന ഇസ്റാഈൽ  ഇന്നലെ ഗസയിൽ ഏഴ് സ്ത്രീളെയും രണ്ട് കുട്ടികളെയുമുൾപ്പെടെ 85 പേരെയാണ് വധിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0