മുഹമ്മദീയ സൗന്ദര്യം
ഉയര്‍ന്ന ശബ്ദം. കേള്‍ക്കാന്‍ ആനന്ദം, ആസ്വാദനം, ആശ്ചര്യം, മാധുര്യം. 'നബി(സ)യുടെ സ്വരത്തേക്കാള്‍ മധുരമായ ഒരു ശബ്ദം ഞാന്‍ കേട്ടിട്ടില്ല' ബറാഅ് തങ്ങളുടെ വാക്കാണിത്. കേള്‍വി പരിപൂര്‍ണ്ണം. അസാധാരണം. ഇരുട്ടില്‍ നക്ഷത്രം പ്രകാശിക്കുന്നതു പോലെ മുടികള്‍ക്കിടയിലെ രണ്ട് ചെവിയുടെ അഴക് അവര്‍ണ്ണനീയം. സ്വര്‍ഗീയ ശബ്ദം കേട്ടു. മൃഗങ്ങളുടെ പരാതിയും കേട്ടു. ഭംഗിയുളള വലിയ തല. ഭംഗിയാര്‍ന്ന തലമുടി. ചീകി ഒതുക്കി വെക്കും. ചുരുണ്ടതല്ല. നേര്‍ത്തതുമല്ല. അഴകാര്‍ന്ന താടി. താടി രോമങ്ങള്‍ക്ക് നല്ല കറുപ്പ്. വഫാത്താകുമ്പോള്‍ തലയിലും താടിയിലുമായി ഏതാനും ചില മുടികള്‍ നരച്ചിരുന്നു. അനസ് (റ) പറയുന്നുണ്ട്, 'നബി(സ)തങ്ങളുടെ ഭംഗി നരയിലൂടെ നഷ്ടപ്പെട്ടിട്ടില്ല. നബി(സ) യുടെ നരബാധ വെള്ളിനൂലിനുതുല്യമായിരുന്നു എന്ന് ആഇശ ബീവി പറയുന്നുണ്ട്. വെള്ളിയുടെ പാത്രം പോലെ തിളങ്ങുന്ന മൃദുലമായ നീണ്ട കഴുത്ത്. കണ്ഠനാളങ്ങളിലൂടെ സ്വര്‍ണ്ണം ഒഴുകുന്നത് പോലെ തോന്നും. ആയിശ ബീവി പറയുന്നു: നബി(സ്വ)യുടെ താടി മുടികള്‍ നിബിഢമായിരുന്നു. താടിയെല്ലിനു മുകളില്‍ കീഴ്ചുണ്ടിനു താഴെ നേരിയ ഒതുക്കമുള്ള മുടികളായിരുന്നു. അവ താഴ്ത്തിറങ്ങി താടി രോമങ്ങളിലേക്കു ചേര്‍ന്നു കിടന്നിരുന്നു. കണ്ടാല്‍ അവ താടി രോമങ്ങളാണെന്നു തന്നെ തോന്നും. ചില മുടികള്‍ നരച്ച് മുത്തിന്റെ വെളുപ്പുണ്ടായിരുന്നു (അബൂനൂഐം). വലിയ ചുമലുകള്‍, മൃദുലം, വിശാലം, രോമാവൃതം. ഇരു ചുമലുകള്‍ ചേരുന്ന സത്ഥലം മനോഹരം. വെള്ളി പോലെ തിളങ്ങുന്ന നീളമുള്ള ശക്തമായ മുതുക്. ചുമലുകള്‍ക്കടയില്‍ തിളങ്ങി നില്‍ക്കുന്ന പ്രവാചക മുദ്ര. സാഇബുബ്‌നു യസീദ്(റ) പറഞ്ഞു: എന്നെയും കൊണ്ട് മാതൃ സഹോദരി നബി(സ്വ)യുടെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, എന്റെ സഹോദരീ പുത്രനു വേദന അനു ഭവപ്പെടുന്നു' നബി(സ്വ) എന്റെ തല തടവി ബറകത്തിനായി പ്രാര്‍ത്ഥിച്ചു. അവിടുന്ന് 'വുളൂഅ്' എടുത്തതിന്റെ ബാക്കി വെള്ളത്തില്‍ നിന്നും ഞാന്‍ കുടിച്ചു. നബി(സ്വ)യുടെ പിറകില്‍ നിന്നപ്പോള്‍ അവിടുത്തെ രണ്ടു ചുമലിനിടയില്‍ മണിയറയുടെ കര്‍ട്ടനില്‍ പതിക്കുന്ന ബട്ടന്‍ പോലെ പ്രവാചക മുദ്ര ഞാന്‍ കണ്ടു'' (ബുഖാരി).
✍️ അബ്ബാസ് സഖാഫി കാവുപുറം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
1
Sad
0
Wow
0


