മുഹമ്മദീയ സൗന്ദര്യം -2
അതി സുന്ദര മുഖം. പതിനാലാം രാവിലെ ചന്ദ്രനെപ്പോലെ തിളങ്ങും. സന്തോഷ വേളകളില്‍ മുഖത്തിന് വല്ലാത്ത പ്രഭയും പ്രകാശവും. ആഇശ ബീവി(റ) പറയുന്നുണ്ട്: 'സന്തോഷത്തോടെ നബി തങ്ങള്‍ എന്റെ അടുത്തേക്ക് വന്നു. അവിടുത്തെ നെറ്റിയിലെ ചുരുളുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു'(ഇമാം മുസ്ലിം). നബിയെ കണ്ടിരുന്നെങ്കില്‍ സൂര്യനുദിച്ചതു പോലെ തോന്നുമായിരുന്നുവെന്നാണ് റുബയ്യിഅ് (റ) പറഞ്ഞത്. മാനത്തെ തിങ്കളും തിങ്കള്‍ നബിയും ചിരി തൂകുമ്പോള്‍ തിരുനബിയുടെ മുഖശോഭക്ക് മുന്നില്‍ മാനത്തെ തിങ്കള്‍ നാണിച്ച് തല കുനിക്കും. 'തിരുനബിയുടെ മുഖം പോലെ ഭംഗിയുള്ള ഒരു മുഖം മുമ്പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ലെന്ന്' അനസ്(റ) പറയുന്നുണ്ട്. ആഇശ ബീവി(റ)യുടെ അനുഭവക്കുറിപ്പ് ഇങ്ങനെ, 'റവാഹത്തിന്റെ മകള്‍ ഹഫ്‌സയില്‍ നിന്നും ഒരു സൂചി ഞാന്‍ വായ്പ വാങ്ങി. നബിയുടെ വസ്ത്രം തുന്നിക്കൊണ്ടിരിക്കെ സൂചി നിലത്തു വീണു. എത്ര നോക്കിയിട്ടും അത് ലഭിച്ചില്ല. അതാവരുന്നു തിരുനബി .അവിടുത്തെ മുഖകാന്തിയില്‍ ആസൂചി വ്യക്തമായി കാണുന്നു'.( ജാമിഉല്‍ കബീര്‍ )
പുഞ്ചിരി തൂകുന്ന സുന്ദര മുഖം. മന്ദഹാസ പൂമുല്ല വദനം. അവിടുത്തെ പുഞ്ചിരിപ്പൂനിലാവൊഴുകിയാല്‍
പൗര്‍ണ്ണമിരാവിന്റെ കണ്ണടയും. അമ്പിളിപ്പൊന്‍മുഖം വാടിടും. നിത്യസുന്ദര വദനം .അഴകേറും ചിരി. താമര പൂമുഖം. മിഴികള്‍ക്കൊരുത്സവമായ തൂമന്ദഹാസം. തിളങ്ങുന്ന മുഖചാരുതയില്‍ നാട്യങ്ങള്‍ ലവലേശം കാണുകയില്ല. പൊട്ടിച്ചിരിക്കില്ല. ദേശ്യ വേളയില്‍ മുഖം ചുവന്ന നിറമാകും. പ്രഭ ചൊരിയുന്ന വിശാലമായ വീതിയുളള ഉയര്‍ന്ന സമനിരപ്പായ നെറ്റിത്തടം. ഇരുട്ടില്‍ ആനെറ്റിത്തടത്തിന്റെ പ്രകാശം
എത്ര മനോഹരം. പരസ്പരം ചേര്‍ന്ന് നില്‍ക്കാത്ത നേരിയ പുരികം, ഭംഗിയുള്ള കണ്ണ്, അഴകൊത്ത
നയനങ്ങള്‍, കറുകറുത്ത കണ്‍മണിക്കെന്തൊരഴക്. നീണ്ട അഴകേറും കണ്‍പീലികള്‍. വലിയ കണ്‍പോളയുള്ള സുറുമക്കണ്ണ് കാണാന്‍ എന്തൊരു കൗതുകം. തിളങ്ങുന്ന മനോഹരമായ ആ കണ്ണുകള്‍ ആരുടെയും മനംമയക്കും. സുന്ദര നോട്ടം. ഉയര്‍ന്ന് ചെരിഞ്ഞ് പ്രകാശിക്കുന്ന നീളമുള്ള ലോലമായ മൂക്ക് . മിനുസമുള്ള വെളുത്ത തിളങ്ങുന്ന കവിള്‍ത്തടം. വിശാലമായ വായ. മൃദുല സുന്ദര ചുണ്ട്. റോസാദളങ്ങള്‍ പോലെ ചുവന്ന അധരങ്ങള്‍ വിടര്‍ത്തിയുള്ള ഭംഗിയുള പുഞ്ചിരി. മൂര്‍ച്ചയുള്ള തിളങ്ങുന്ന പല്ല്. സംസാരസമയം മുന്‍പല്ലുകള്‍ക്കിടയില്‍ പ്രകാശം പൊഴിയും പോലെ അനുഭപ്പെടും. അഴക് വിടര്‍ത്തിയുള്ള ചിരിയില്‍ പല്ലുകളുടെ തിളക്കം ചുവരില്‍ പ്രതിഫലിക്കുമായിരുന്നു' അബൂ ഹുറൈറ(റ) വിന്റെ വാചകമാണിത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


