ദേശീയ പാത 66; മുഴു സമയ നിരീക്ഷണവുമായി 451 സ്മാര്‍ട്ട് ക്യാമറകള്‍
കാസര്‍കോട്: കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കടമ്പാട്ടുകോണം വരെയുള്ള ദേശീയപാത 66-ന് 451 കിലോമീറ്റര്‍ ദൂരത്തില്‍ സ്മാര്‍ട്ട് ക്യാമറകളുടെ നിരീക്ഷണമൊരുങ്ങുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ATMS)' വഴി വാഹന സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നത്.
പുതിയ പാതയുടെ 20 റീച്ചുകളിലായി സ്ഥാപിക്കുന്ന 451 ക്യാമറകളുടെ ചുമതല 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിനാണ്. അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാനും അപകടങ്ങള്‍ തടയാനും ഇതിലൂടെ കഴിയുമെന്നാണ് കണക്കു കൂട്ടലുകള്‍.
രാത്രിയിലോ പകല്‍വെളിച്ചത്തോ ഒരു അപകടം സംഭവിച്ചാല്‍ ATMS കണ്‍ട്രോള്‍ റൂമില്‍ അലാറം മുഴങ്ങുകയും സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ തെളിയുകയും ചെയ്യും. ഉടന്‍തന്നെ ടോള്‍ഫ്രീ നമ്പറായ 1033 വഴി വിവരം ആംബുലന്‍സിലേക്ക് കൈമാറും. സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് നിമിഷങ്ങള്‍ക്കകം എത്തും. കൂടാതെ, മെയിന്റനന്‍സ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ക്രെയിന്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ എന്നിവയും അയയ്ക്കും.
വാഹനങ്ങള്‍ വേഗപരിധി ലംഘിച്ചാല്‍, വണ്‍വേ തെറ്റിച്ചാല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ തല്‍സമയം നമ്പര്‍ പ്ലേറ്റോടുകൂടി സ്‌ക്രീനില്‍ തെളിയും. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, തെറ്റായ ദിശയിലൂടെയുള്ള സഞ്ചാരം, അമിതവേഗം തുടങ്ങിയവയും ATMS കണ്ടെത്തും. കേരളത്തില്‍ ആദ്യമായി ATMS പ്രവര്‍ത്തനസജ്ജമായത് 99 ശതമാനത്തിലധികം പ്രവൃത്തി പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ചിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



