ഐ സി എഫ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക്

Jul 18, 2025 - 18:37
ഐ സി എഫ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക്

ദുബൈ: വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഐ സി എഫ് നല്‍കുന്ന ഇന്റര്‍നാഷണല്‍ അവാര്‍ഡ് സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സമര്‍പ്പിക്കും. ആറ് പതിറ്റാണ്ട് കാലമായി കേരളീയ മത സാമൂഹിക രംഗങ്ങളില്‍ നിസ്തുല സേവനമനുഷ്ഠിച്ചതിനും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന അതുല്യമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരവുമായാണ് അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാര്‍ഡ് നാളെ ജൂലൈ 19, ശനി കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മുഅല്ലിം കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മര്‍കസ് എന്നിവയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് അലി ബാഫഖി തങ്ങള്‍ മദ്റസാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും മദ്റസാധ്യാപകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരന്തരം പ്രവര്‍ത്തനം നടത്തുന്ന വ്യക്തിത്വമാണ്. ആറു പതിറ്റാണ്ടിലധികമായി ആ സേവനം തുടര്‍ന്നു.

സയ്യിദ് അഹമ്മദ് ബാഫഖി-സയ്യിദത്ത് നഫീസ ബീവി ദമ്പതികളുടെ മകനായി 1938 നവംബര്‍ 14 നാണ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ജനനം. മദ്റസാ കാലത്തിനു ശേഷം പള്ളിദര്‍സുകളുടെ ലോകത്തേക്ക് കടന്ന തങ്ങള്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. പഠനശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പൊതുരംഗത്ത് സജീവമാകുകയായിരുന്നു.

നാളെ കോഴിക്കോട്ട് നടക്കുന്ന മുഅല്ലിം കോണ്‍ഫറന്‍സില്‍ മദ്റസാ വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തെ നിസ്തുല സേവനങ്ങള്‍ക്ക് വി പി എം ഫൈസി വില്യാപ്പള്ളി, തെന്നല അബൂഹനീഫല്‍ ഫൈസി, എ കെ അബ്ദുല്‍ ഹമീദ് സാഹിബ് എന്നിവരെയും ആദരിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0