ഗതാഗത വകുപ്പിന് തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

Jul 16, 2025 - 16:08
ഗതാഗത വകുപ്പിന് തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗതാഗത വകുപ്പിന് കനത്ത തിരിച്ചടിയായി ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ  പരിഷ്‌കരണത്തില്‍ ഹൈക്കോടതി ഉത്തരവ്. പരീക്ഷാ  പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറും ഉത്തരവുകളും ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജികള്‍ പരിഗണിച്ചതിനെ തുടര്‍ന്നാണ് നടപടി. 
ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനായി പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലാത്തതിനാല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കരുതെന്ന് ഗതാഗത കമ്മീഷണര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നത് യുക്തിപരമല്ലെന്നായിരുന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജിയിലെ എതിര്‍വാദം. ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ക്ക് ഡാഷ് ബോര്‍ഡ് കാമറ നിര്‍ബന്ധമാണെന്ന കമ്മീഷണറുടെ നിര്‍ദേശം മോട്ടോര്‍ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നും ഡ്രൈവിംഗ് പരിശീലനം റെക്കോര്‍ഡ് ചെയ്യണമെന്ന മാനദണ്ഡം തങ്ങള്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുന്നതാണെന്നും ഹരജിക്കാര്‍ വാദിച്ചു. ഡ്രൈവിംങ് ടെസ്റ്റ് കേന്ദ്രങ്ങള്‍ കമ്പ്യൂട്ടറൈസ് ചെയ്യണമെന്ന കമ്മീഷണറുടെ വാദത്തെയും ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ എതിര്‍ത്തിരുന്നു. ഗ്രൗണ്ടുകളില്‍ പരിശീലിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് അനാവശ്യ നേട്ടമുണ്ടാക്കാന്‍ ഇടയാക്കുമെന്നും ഡ്രൈവിങ് പരിശീലകര്‍ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ എതിര്‍വാദ ഹരജിയില്‍ പറഞ്ഞിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0