കൊട്ടി കലാശിച്ച് മുന്നണികള്‍; നിലമ്പൂര്‍ ഇനി ബൂത്തിലേക്ക്

മലപ്പുറം: ഉപ തെരെഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം. പെരുമഴപെയ്തിട്ടും കരുത്തുകാട്ടിയാണ് മുന്നണികളുടെ പരസ്യപ്രചരണത്തിന് സമാപ്തിയായത്. മറ്റന്നാള്‍ പത്തൊമ്പതിന് നിലമ്പൂരിലെ വോട്ടര്‍മാര്‍ വിധിയെഴുതും. 23-ന് ഫലം അറിയാം. പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തില്‍ സജ്ജമായപ്പോള്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി വി അന്‍വര്‍ വീടുകള്‍ കയറി പ്രചരണം നടത്തി. പൊതുജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, ഷാഫി പറമ്പില്‍ എം പി, യുഡിഎഫ് എംഎല്‍എമാര്‍ എന്നിവര്‍ അണിചേര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനൊപ്പം രാമചന്ദ്രന്‍ കടന്നപ്പള്ളി ഉള്‍പ്പെടെ നേതാക്കള്‍ ഉണ്ടായിരുന്നു. പികെ കൃഷ്ണദാസ്, ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിനൊപ്പം ചേര്‍ന്നു. കൊട്ടിക്കലാശത്തിന് തിരശീലവീണപ്പോള്‍ സ്ഥാനാര്‍ത്ഥികളെല്ലാം തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
What's Your Reaction?






