ഇസ്റാഈല്‍- ഇറാന്‍ സംഘര്‍ഷം: അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍

Jun 13, 2025 - 16:55
ഇസ്റാഈല്‍- ഇറാന്‍ സംഘര്‍ഷം: അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍

തെഹ്റാന്‍: ഇസ്രാഈലിന്റെ സയണിസറ്റ് സൈന്യം ഇറാന്‍ തെഹ്റാനില്‍ നടത്തിയ വ്യേമാക്രമണത്തിനെതിരെ ലോക വ്യാപക പ്രതിഷേധം. അറബ് രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതും ഇസ്റാഈലിനെ ലക്ഷ്യമാക്കി ഡ്രോണാക്രമണം നടത്തിയതും പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലാഴ്ത്തുകയാണ്. തിരിച്ചടിയായി ഇന്ന് നൂറുകണക്കിന് ഡ്രോണുകള്‍ ഇറാന്‍ വര്‍ഷിച്ചതായി ഇസ്റാഈല്‍ സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടിയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ഭീതിയിലാണ്. ഇറാന്‍ സൈനിക മേധാവി ഹൊസൈന്‍ സലാമി ഉള്‍പ്പെടെ നിരവധി പേരാണ് ഇന്നലെ രാത്രി ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 
 ഇറാന്റെ തിരിച്ചടി ഏതുനിമിഷവും ഉണ്ടാവുമെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡ്രോണ്‍ ആക്രമണം തുടങ്ങിയത്. തങ്ങള്‍ക്കെതിരെ ഏത് ആക്രമണം വരികയാണെങ്കിലും അതിന്റെ പിന്നില്‍ ഇസ്രാഈല്‍ മാത്രമായിരിക്കില്ലെന്നും അമേരിക്ക കൂടി ഉണ്ടാവുമെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ ഗള്‍ഫ് മേഖല ഉള്‍പ്പടെയുള്ള അമേരിക്കന്‍ താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് ഗള്‍ഫ് മേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്. യു എസ്- ഇറാന്‍ ആണവ ചര്‍ച്ച ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നടക്കുന്നതിനിടെയാണ് ഇസ്റാഈല്‍- ഇറാന്‍ സംഘര്‍ഷം. ഇറാന്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എങ്കിലും അമേരിക്കയുടെ അറിവോടെ തന്നെയാണ് ഇസ്റാഈല്‍ ആക്രമിച്ചതെന്ന വിമര്‍ശങ്ങളാണ് ഉയരുന്നത്. ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് അറിവുണ്ടായിരുന്നുവെന്ന് വിവിധ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി വിവിധ യു എസ് എംബസികള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖ് അടക്കമുള്ള പ്രധാനപ്പെട്ട എംബസികളില്‍ നിന്ന് യുഎസിന്റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം പിന്‍വലിച്ചിരുന്നു. ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിക്ക് പുറമെ സൈനിക മേധാവികളും ഇന്നലെ തെഹ്റാനില്‍ നടന്ന ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ അറിയിച്ചു. ഓപറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്‌റാഈല്‍ ആക്രമണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0