മരണത്തില്‍ ദുരൂഹത: മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുക്കാന്‍ പോലീസ് നടപടി

Jun 10, 2025 - 15:09
മരണത്തില്‍ ദുരൂഹത: മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുക്കാന്‍ പോലീസ് നടപടി

പയ്യോളി: മരിച്ച പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പോലീസ് നടപടി. കോഴിക്കോട് പയ്യോളിയിലെ ഈളുവയലില്‍ മുഹമ്മദിന്റെ മൃതദേഹമാണ് പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ പോലീസ് ഒരുങ്ങുന്നത്. കഴിഞ്ഞ മെയ് 26-നാണ് മുഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മൃതദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും പിന്നീട് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയുമായിരുന്നു. എന്നാല്‍, മരണത്തിനു പിന്നാലെ മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി മകന്‍ പരാതിയില്‍ ആരോപിക്കുന്നു. മുഹമ്മദിന്റെ മരണം നടന്ന സമയത്ത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍, മരണത്തിലെ ദുരൂഹതയും ബാങ്ക് അക്കൗണ്ടില്‍ നടന്ന പണമിടപാടും സംശയകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മകന്‍ പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം, മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കുമായിട്ടാണ് പണം പിന്‍വലിച്ചതെന്നും ബാക്കി പണം അക്കൗണ്ടില്‍ സുരക്ഷിതമായിട്ടുണ്ടെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാകുന്നതോടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0