ആരിക്കാടി ടോൾപ്ലാസ: അവകാശ വാദത്തിൽ തർക്കിച്ച് ആക്ഷൻ കമ്മിറ്റിയും ബി.ജെ.പിയും 

Feb 5, 2026 - 15:10
ആരിക്കാടി ടോൾപ്ലാസ: അവകാശ വാദത്തിൽ തർക്കിച്ച് ആക്ഷൻ കമ്മിറ്റിയും ബി.ജെ.പിയും 

കുമ്പള: ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കിയതിന്റെ അവകാശത്തെ ചൊല്ലി ആക്ഷൻ കമ്മിറ്റിയും ബി.ജെ.പിയും തമ്മിൽ തർക്കം. ആറു മാസം മുമ്പ് അന്യായമായി ആരിക്കാടിയിൽ നിർമ്മാണം ആരംഭിച്ച ടോൾ പ്ലാസ നിർത്തലാക്കിയതിന് കാരണം തങ്ങൾ നടത്തിയ നിരന്തരമായ പോരാട്ടമാണെന്ന് ആക്ഷൻ കമ്മിറ്റി അവകാശപ്പെടുമ്പോൾ തങ്ങൾ നടത്തിയ ഇടപെടലിനെ തുടർന്നാണെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം. ടോൾ പ്ലാസക്ക് കുഴിയെടുക്കുമ്പോൾ തന്നെ ആക്ഷൻ കമ്മിറ്റി എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ പോലീസെത്തി ചർച്ച നടത്തുകയും കുഴിയെടുപ്പ് നിർത്തിവെക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും കുഴിയെടുപ്പ് തുടങ്ങിയതോടെ ടോൾ പ്ലാസക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രതിഷേധം പുനഃരാരംഭിക്കുകയായിരുന്നു.

എൽ.ഡി.എഫും യു.ഡി.എഫും ഉൾപ്പെട്ടിരുന്ന ആക്ഷൻ കമ്മിറ്റിയിൽ മുസ്‌ലിം ലീഗാണ് പ്രധാനമായും സമരരംഗത്തുണ്ടായത്. ടോൾ പ്ലാസക്കെതിരായ ആക്ഷൻ കമ്മിറ്റിയുടെ സമരത്തെ ആദ്യം ബി.ജെ.പി പിന്തുണച്ചെങ്കിലും പിന്നീട് പിൻവാങ്ങിയിരുന്നു. ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിലും ബി.ജെ.പി പങ്കെടുത്തിരുന്നില്ല. ക്യാമറകളും മറ്റ് സാമഗ്രികളും സ്ഥാപിച്ച് ടോൾ പിരിവ് തുടങ്ങിയതോടെ ആക്ഷൻ കമ്മിറ്റി പ്രതിഷേധവും ബഹുജന മാർച്ചും സംഘടിപ്പിച്ചിരുന്നു. ടോൾ പ്ലാസക്ക് മുന്നിൽ നടന്ന ധർണ്ണയിൽ വിവിധ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കളടക്കം അഭിവാദ്യവുമായി എത്തിയിരുന്നു. വ്യാപക പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ദിവസം ടോൾ പ്ലാസ ഒഴിവാക്കിയതായി ഉത്തരവ് വന്നതോടെയാണ് അവകാശവാദത്തെ ചൊല്ലിയുള്ള തർക്കം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0