കുമ്പള ഉപജില്ലാ ശാസ്ത്രോത്സവം: എട്ട് ഓവറോൾ ചാമ്പ്യൻഷിപ്പുകളോടെ മുഹിമ്മാത്ത് സ്കൂളിന് ചരിത്ര വിജയം
പുത്തിഗെ: കുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയത്തോടെ മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. അഞ്ച് വിഭാഗങ്ങളിലായി 185 വിദ്യാർത്ഥികൾ മാറ്റുരച്ച മേളയിൽ, 8 ഓവറോൾ ചാമ്പ്യൻഷിപ്പുകളും മൂന്ന് റണ്ണറപ്പ് സ്ഥാനങ്ങളും ഒരു രണ്ടാം റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഈ ചരിത്രനേട്ടം കൈവരിച്ചത്. മത്സരങ്ങളിൽ പങ്കെടുത്ത 110 വിദ്യാർത്ഥികൾ എ ഗ്രേഡ് നേടി മികവ് പുലർത്തി.
ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പിന് പുറമെ പ്രവൃത്തിപരിചയ മേള, ഐ.ടി മേള, ശാസ്ത്രമേള എന്നിവയിലും മുഹിമ്മാത്ത് ഓവറോൾ കിരീടം സ്വന്തമാക്കി. ഹയർ സെക്കൻഡറി വിഭാഗം സാമൂഹ്യശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള, ഹൈസ്കൂൾ ഐ.ടി മേള, യു.പി ഐ.ടി മേള എന്നിവയിലും സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. കൂടാതെ, സാമൂഹ്യശാസ്ത്ര മേളയിൽ റണ്ണറപ്പ് സ്ഥാനവും ഹയർ സെക്കൻഡറി ശാസ്ത്ര, ഐ.ടി മേളകളിൽ ഒന്നാം റണ്ണറപ്പും ഹയർ സെക്കൻഡറി ഗണിതശാസ്ത്ര മേളയിൽ രണ്ടാം റണ്ണറപ്പും സ്കൂൾ നേടി.
വിദ്യാർത്ഥികളുടെ പ്രതിഭയും അധ്യാപകരുടെ കൃത്യമായ പരിശീലനവും കൂട്ടായ പ്രവർത്തനവുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. തിളക്കമാർന്ന നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവർക്ക് മാർഗനിർദേശം നൽകിയ അധ്യാപകരെയും പരിശീലകരെയും സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ വിദ്യാർത്ഥികളുടെ സർഗാത്മകതയും അന്വേഷണാത്മകതയും തെളിയിച്ച മുഹിമ്മാത്ത് സ്കൂളിന്റെ ഈ വിജയം സ്ഥാപനത്തിന്റെ അക്കാദമിക മികവിനുള്ള മറ്റൊരു പൊൻതൂവലായി മാറി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0