വഖ്ഫ് ബോർഡ് പുനഃസംഘടനയിലെ വിവേചനം: ഇന്ന് ഒൻപത് കേന്ദ്രങ്ങളിൽ സമരസന്നാഹം; 22-ന് ജില്ലാ പ്രക്ഷോഭം

Oct 19, 2026 - 12:46
വഖ്ഫ് ബോർഡ് പുനഃസംഘടനയിലെ വിവേചനം: ഇന്ന് ഒൻപത് കേന്ദ്രങ്ങളിൽ സമരസന്നാഹം; 22-ന് ജില്ലാ പ്രക്ഷോഭം

കാസർഗോഡ്: കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ സുന്നി വിഭാഗത്തോട് കാണിച്ച വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കേരള മുസ്ലിം ജമാഅത്ത്. സംസ്ഥാനത്തെ ബഹുഭൂരിഭാഗം വഖഫ് സ്വത്തുക്കളും പരിപാലിക്കുന്ന സുന്നി വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നിഷേധിച്ചത് അന്യായമാണെന്ന് കാസർഗോഡ് ചേർന്ന ജില്ലാ സംഗമം കുറ്റപ്പെടുത്തി. 

അർഹമായ അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് വൻ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ മുന്നൊരുക്കമായി ഇന്ന് തിങ്കൾ ജില്ലയിലെ ഒൻപത് സോൺ കേന്ദ്രങ്ങളിൽ സമരസന്നാഹ സംഗമങ്ങൾ നടക്കും. സോൺ കേന്ദ്രങ്ങളിലെ സംഗമങ്ങൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എസ്. അബ്ദുള്ള കുഞ്ഞി ഫൈസി (കാസർകോട്), ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ (മഞ്ചേശ്വരം), എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് (ഉപ്പള), ജില്ലാ വൈസ് പ്രസിഡന്റ് മൂസൽ മദനി (കുമ്പള), എസ്.എം.എ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ അഹ്സനി (ബദിയടുക്ക), ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ പഞ്ചിക്കല്ല് (മുള്ളേരിയ), ജില്ലാ വൈസ് പ്രസിഡന്റ് കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി (ഉദുമ), ജില്ലാ കമ്മറ്റി അംഗം കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി (കാഞ്ഞങ്ങാട്), ജില്ലാ സെക്രട്ടറി വി.സി. അബ്ദുല്ലഹി സഅദി (തൃക്കരിപ്പൂർ) എന്നിവർ നേതൃത്വം നൽകും.

ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാൻ കരിവെള്ളൂർ സ്വാഗതവും സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി പ്രാർത്ഥനയും നിർവ്വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, എസ്.വൈ.എസ് സംസ്ഥാന ക്യാബിനറ്റ് അംഗം സി.എൻ. ജാഫർ, എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ, ബഷീർ മങ്കയം, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, ബാദുഷ ഹാദി സുറൈജി, ഹാജി ഹക്കീം കളനാട്, റഫീഖ് സഅദി ദേലമ്പാടി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0