ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് പ്രഥമ പരിഗണന; കേരളത്തിന് എയിംസ് മുൻഗണനയിലില്ലെന്ന് കേന്ദ്രം

Oct 7, 2026 - 15:58
ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് പ്രഥമ പരിഗണന; കേരളത്തിന് എയിംസ് മുൻഗണനയിലില്ലെന്ന് കേന്ദ്രം

കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നത് നിലവിൽ സർക്കാറിന്റെ മുൻഗണനാ പട്ടികയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും കേരളം ആരോഗ്യമേഖലയിൽ ഏറെ മുന്നിലാണെന്നുമാണ് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. എന്നാൽ കേന്ദ്ര സർക്കാറിന്റെ ഈ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് എയിംസ് ലഭിക്കുന്നതിന് കേരളത്തിനുള്ള അയോഗ്യതയാണോ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു.   

ആരോഗ്യപരിപാലന രംഗത്ത് മോശം സാഹചര്യമുള്ള സംസ്ഥാനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ എയിംസ് അനുവദിക്കുന്നത്. 2030-31 സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചാൽ മാത്രമേ കേരളത്തിന്റെ കാര്യത്തിൽ ഇനി ആലോചന നടത്താൻ കഴിയൂ എന്ന് കേന്ദ്രം വ്യക്തമാക്കി. അതേ സമയം, ജനസാന്ദ്രത ഏറിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് എയിംസ് അർഹതപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. എല്ലാവർക്കും വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ല. ആരോഗ്യ മേഖലയിൽ മുന്നിലാണെന്ന് കരുതി എയിംസ് വേണ്ട എന്ന് അർത്ഥമാക്കാനാകില്ലെന്നും, അങ്ങനെയെങ്കിൽ ദില്ലിയിൽ എങ്ങനെയാണ് എയിംസ് അനുവദിച്ചതെന്നും കോടതി ചോദ്യമുയർത്തി.

കോഴിക്കോട് കിനാലൂരിൽ എയിംസിനായി സ്ഥലം കണ്ടെത്തി അപേക്ഷ നൽകിയിട്ട് വർഷങ്ങളായ കാര്യം ഓർമ്മിപ്പിച്ച കോടതി, വിഷയത്തിൽ കേന്ദ്രം അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി കേസ് വീണ്ടും പരിഗണിക്കുന്നതിനായി 6 ആഴ്ചത്തേക്ക് മാറ്റി. കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് കാസർകോട്ടെ സന്നദ്ധ കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0