ലോക സമാധാനത്തിനായി നമുക്ക് കൈകോർക്കാം

Sep 21, 2026 - 15:13
ലോക സമാധാനത്തിനായി നമുക്ക് കൈകോർക്കാം

​വിവര സാങ്കേതികവിദ്യയുടെ ഉച്ചിയിലാണ് മനുഷ്യർ; അതേസമയം യുദ്ധഭീതിയും വംശീയ അസ്വസ്ഥതകളും കൊണ്ട് ഏറെ അരക്ഷിതവുമാണ് ലോകം. ശാസ്ത്രീയ പുരോഗതിക്കൊപ്പം അസഹിഷ്ണുതയും വിദ്വേഷവും ശക്തമായ പശ്ചാത്തലത്തിലാണ് 2026-ലെ അന്താരാഷ്ട്ര സമാധാന ദിനം യുദ്ധവിരുദ്ധ ആഹ്വാനവുമായി നമ്മുടെ മുന്നിലെത്തുന്നത്. നിർമ്മിത ബുദ്ധിയും (AI) അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള മാരകായുധങ്ങൾ ലോകസമാധാനത്തിനും മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെയും ഭീഷണിയുയർത്തുന്ന ഈ ഘട്ടത്തിൽ, സമാധാനത്തിനായുള്ള ആഹ്വാനങ്ങൾക്ക് വലിയ പ്രസക്തിയാണുള്ളത്. "എല്ലാവർക്കും, എല്ലായിടത്തും, എപ്പോഴും സമാധാനത്തിനായി നിക്ഷേപിക്കാം" എന്ന ഐക്യരാഷ്ട്രസഭയുടെ സന്ദേശം പണവും ഊർജവും മനുഷ്യവിഭവങ്ങളും യുദ്ധത്തിന് പകരം മാനവരാശിയുടെ നിലനിൽപ്പിനായി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

​“മനുഷ്യന്റെ മനസ്സിലാണ് യുദ്ധങ്ങൾ ജനിക്കുന്നത്; അതുകൊണ്ട് സമാധാനത്തിന്റെ പ്രതിരോധങ്ങൾ പടുക്കേണ്ടതും മനുഷ്യന്റെ മനസ്സിൽ തന്നെയാണ്.” യുനെസ്കോ ഭരണഘടനയുടെ ആമുഖത്തിലെ ഈ വാക്കുകൾ ആധുനിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലേക്കാണ് വിരൽചൂണ്ടുന്നത്. യുദ്ധങ്ങൾ അതിർത്തികളിൽ ആരംഭിക്കുന്നതായി തോന്നുമ്പോഴും അവയുടെ വിത്തുകൾ മനുഷ്യന്റെ മനസ്സിലാണ് രൂപപ്പെടുന്നത്. വെറുപ്പ്, ഭയം, അധികാരമോഹം, ഫാഷിസം, പ്രതികാരം, വംശീയ-മതപരമായ വിവേചനം എന്നിവയാണ് യുദ്ധങ്ങൾക്ക് തിരികൊളുത്തുന്നത്. കല്ലും വടിയും ഉപയോഗിച്ചിരുന്ന കാലത്തുനിന്ന് ആണവായുധങ്ങളിലേക്കും ഡ്രോണുകളിലേക്കും സൈബർ യുദ്ധത്തിലേക്കും കൃത്രിമബുദ്ധി അധിഷ്ഠിത ആയുധ സംവിധാനങ്ങളിലേക്കും മനുഷ്യൻ എത്തിനിൽക്കുന്നു. ആയുധങ്ങൾ കൂടുതൽ ആധുനികമായിട്ടും മനുഷ്യജീവൻ കൂടുതൽ അരക്ഷിതമായി തുടരുന്നു എന്നതാണ് വിരോധാഭാസം.

യുദ്ധം ആരംഭിക്കാൻ ഒരു ഉത്തരവോ ഒരു ആക്രമണമോ മാത്രം മതിയാകും. എന്നാൽ തകർന്ന വീടുകളും കുടുംബങ്ങളും സമ്പദ്‌വ്യവസ്ഥകളും പുനർനിർമ്മിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും. ഫലസ്തീനിൽ ഇസ്രായേൽ വരുത്തിവെച്ച ഭൗതിക നഷ്ടങ്ങൾ പരിഹരിക്കാൻ ഇനി വർഷങ്ങളെടുക്കും. ഇസ്രായേലിലും ഇറാനിലും ലെബനാനിലും ഉണ്ടായ ആഘാതങ്ങൾ സാധാരണക്കാരുടെ ജീവിതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും ജനങ്ങൾ ഭീതിയിലാണ് ജീവിക്കുന്നത്. ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വീടുകൾ ഉപേക്ഷിക്കുന്നവർ, അഭയാർഥികളായി അതിർത്തികൾ കടക്കുന്നവർ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ... ഹിരോഷിമയും നാഗസാക്കിയും നമ്മെ ഓർമപ്പെടുത്തുന്നത് ഇതിന്റെ ആഘാതമാണ്. ഓരോ മരണത്തിന് പിന്നിലും ഒരു കുടുംബമുണ്ട്; ഓരോ തകർന്ന ആശുപത്രിക്ക് പിന്നിലും ചികിത്സ ലഭിക്കാതെ പോയ അനേകം മനുഷ്യജീവിതങ്ങളുണ്ട്.

യുദ്ധവും കലഹങ്ങളും ഇല്ലാതെ സൗഹൃദത്തോടെ ജീവിക്കാനാണ് മതങ്ങൾ പഠിപ്പിക്കുന്നത്. "അസ്സലാമു അലൈക്കും" (നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ) എന്ന് ആശംസിച്ചുകൊണ്ട് പരസ്പരം സംസാരിച്ചു തുടങ്ങേണ്ടത്.എന്നാൽ സമാധാനത്തിന്റെ അർത്ഥമുള്ള പദപ്രയോഗങ്ങൾ പോലും വ്യാഖ്യാനിക്കപ്പെടുകയും ഭീതിയുടെ പ്രതീകങ്ങളാക്കി മാറ്റപ്പെടുകയും ചെയ്യുന്നത് സാമൂഹിക സൗഹാർദ്ദത്തിന് ഭീഷണിയാണ്. യുപിയിൽ എഎസ്പി ബുഷറ ബാനോയ്ക്കുണ്ടായ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. അസ്സലാമു അലൈക്കും, ഹലാൽ, ജിഹാദ് തുടങ്ങിയ പദങ്ങളെ ഭീകരവാദവുമായി കൂട്ടിക്കെട്ടി പ്രചരിപ്പിക്കുന്നത് ആസൂത്രിതമായ ധ്രുവീകരണ തന്ത്രമാണ്. ഇത്തരം ശ്രമങ്ങളെ വിചാരശീലമുള്ള സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

​ഇസ്ലാമിക അധ്യാപനങ്ങളിൽ മനുഷ്യജീവന് വലിയ വില നൽകുന്നുണ്ട്. വിശുദ്ധ ഖുർആൻ (സൂറത്ത് അൽ-മാഇദ 5:32) ഒരു മനുഷ്യജീവനെ അന്യായമായി കൊലപ്പെടുത്തുന്നത് മനുഷ്യരാശിയെ മുഴുവൻ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നും, ഒരു ജീവൻ രക്ഷിക്കുന്നത് മനുഷ്യരാശിയെ മുഴുവൻ രക്ഷിക്കുന്നതിന് തുല്യമാണെന്നും ഓർമ്മിപ്പിക്കുന്നു. "മറ്റുള്ളവർക്ക് തന്റെ നാവും കൈയും കൊണ്ട് ഉപദ്രവമുണ്ടാകാത്തവനാണ് യഥാർത്ഥ മുസ്ലിം" എന്ന നബിവചനം സമാധാനത്തിന്റെ ആഴത്തിലുള്ള നിർവചനമാണ്.


​ഫലസ്തീൻ: ലോക മനസ്സാക്ഷിയുടെ മുന്നിലെ ചോദ്യം

ഇന്നത്തെ ലോകസമാധാന ചർച്ചകളിൽ ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ യുദ്ധം സൃഷ്ടിച്ച മനുഷ്യാവകാശ, ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾ വലിയ അന്താരാഷ്ട്ര ആശങ്കയാണ്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗാസയിലെയും ഫലസ്തീനിലെയും വംശഹത്യയുടെ ഭീകരത തുറന്നുകാട്ടിയ ഡോക്യുമെന്ററിക്ക് ലഭിച്ച 25 മിനിറ്റ് നീണ്ട കയ്യടി ലോകജനത സമാധാനവും നീതിയും ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്.


​യുദ്ധവും കുട്ടികളുടെ ഭാവിയും

യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണ്. ഗാസയിൽ കൊല്ലപ്പെട്ട 40,000-ത്തിലധികം ആളുകളിൽ 16,000-ത്തിലധികം പേർ കുട്ടികളാണ്; ഇതിൽ 3,000-ത്തിലധികം പേർ ഒരു വയസ്സ തികയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ്. സുഡാനിൽ പോഷകാഹാരക്കുറവും പട്ടിണിയും കാരണം പ്രതിദിനം നൂറിലധികം പിഞ്ചുകുഞ്ഞുങ്ങൾ മരണപ്പെടുന്നുവെന്ന് യുണിസെഫ് റിപ്പോർട്ട് ചെയ്യുന്നു. ഉക്രെയ്നിലും യെമനിലും ഇറാനിലും സമാനമായ രീതിയിൽ കുട്ടികളുടെ ഭാവി തകരുകയാണ്.


​യുദ്ധവും പാരസ്ഥിതിക വംശഹത്യയും

​യുദ്ധത്തിന്റെ ആഘാതം മനുഷ്യരിൽ മാത്രം അവസാനിക്കുന്നില്ല. മണ്ണും ജലവും വായുവും വനങ്ങളും യുദ്ധത്തിന്റെ ഇരകളാകുന്നു. കാശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ/ബോംബ് ആക്രമണങ്ങൾ കാരണം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിച്ച് കൃഷിയോഗ്യമല്ലാതായി മാറിയ അനുഭവങ്ങൾ ഇതിന് ഉദാഹരണമാണ്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ഉപയോഗിച്ച 'ഏജന്റ് ഓറഞ്ച്', ഉക്രെയ്നിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിലെ (Chernozem) മിസൈൽ അവശിഷ്ടങ്ങൾ, ഗാസയിൽ നശിപ്പിക്കപ്പെട്ട 70% കൃഷിഭൂമി എന്നിവയെല്ലാം 'പാരിസ്ഥിതിക വംശഹത്യ'യുടെ തെളിവുകളാണ്.


​സാങ്കേതികവിദ്യയും പുതിയ ഭീഷണികളും

​എഐ നിയന്ത്രിത ഡ്രോണുകളും റോബോട്ടുകളും യുദ്ധക്കളങ്ങൾ കീഴടക്കുമ്പോൾ മനുഷ്യത്വത്തിന് മുൻഗണന നൽകുന്ന 'ഉത്തരവാദിത്ത സാങ്കേതികവിദ്യ' (Responsible Technology) ഉറപ്പാക്കുക മാത്രമാണ് പരിഹാരം. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും തടയാൻ മാധ്യമസാക്ഷരതയും വിമർശനാത്മക ചിന്തയും ആവശ്യമാണ്.


​മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ നൽകിയ മുന്നറിയിപ്പുകളും, അഹിംസയെക്കുറിച്ച് ഗാന്ധിജിയും മണ്ടേലയും കാണിച്ചുതന്ന വഴികളും നാം ഉൾക്കൊള്ളേണ്ടതുണ്ട്. ആയുധങ്ങൾ കൊണ്ടോ ഭയത്തിലൂടെയോ സമാധാനം സൃഷ്ടിക്കാനാവില്ല. സമാധാനം ഒരു മുദ്രാവാക്യമല്ല, അത് നമ്മുടെ ജീവിതരീതിയാകണം. ആയുധമില്ലാത്ത, ഭയമില്ലാത്ത, എല്ലാവർക്കും നീതി ഉറപ്പുനൽകുന്ന ഒരു ലോകത്തിനായി നമുക്ക് കൈകോർക്കാം.

✍️ഹാരിസ് സഖാഫി കൊമ്പോട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0