'ഡിസ്ക്കവർ ദി ഫ്യൂച്ചർ': മുഹിമ്മാത്തുദ്ധീൻ മദ്റസയിൽ എഐ ക്യാമ്പയിന് തുടക്കമായി
പുത്തിഗെ: വിദ്യാർത്ഥികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യയെക്കുറിച്ച് സമഗ്രമായ അവബോധവും പ്രായോഗിക പരിജ്ഞാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡിസ്ക്കവർ ദി ഫ്യൂച്ചർ വിത്ത് എ ഐ ക്യാമ്പയിൻ മുഹിമ്മാത്തുദ്ധീൻ മദ്റസയിൽ തുടക്കമായി. മദ്റസ വിദ്യാർത്ഥി സംഘടനയായ സുന്നി ബാല സംഘം (എസ്.ബി.എസ്) നേതൃത്വത്തിലാണ് എ ഐ സ്റ്റഡി ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പുതിയ കാലത്തെ സാങ്കേതിക മുന്നേറ്റങ്ങളെ പരിചയപ്പെടുന്നതിനൊപ്പം എ ഐയുടെ സാധ്യതകൾ പഠനത്തിനും സർഗാത്മക പ്രവർത്തനങ്ങൾക്കും ദൈനംദിന ജീവിതത്തിനും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ പത്ത് സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സെഷനിലും എ ഐ യുടെ വ്യത്യസ്ത മേഖലകളും പ്രായോഗിക ഉപയോഗങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും. സാങ്കേതികവിദ്യയെ കേവലം പരിചയപ്പെടുത്തുന്നതിന് പകരം വിദ്യാർത്ഥികൾക്ക് സ്വയം പരീക്ഷിച്ചറിയാനും പഠനപ്രവർത്തനങ്ങളിൽ പ്രയോഗിക്കാനും കഴിയുന്ന തരത്തിലാണ് സെഷനുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി എ ഐ നിത്യജീവിതത്തിൽ, വിഷ്വൽ കണ്ടന്റ് ക്രിയേഷൻ, നോട്ട്‌ബുക്ക് എൽ എം, നോ-കോഡ് വെബ്സൈറ്റ് ക്രിയേഷൻ, വിദ്യാർത്ഥികൾക്ക് പഠനത്തിൽ എ ഐ എങ്ങനെ ഉൾപ്പെടുത്താം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾപ്പെടുന്നു. ഇതോടൊപ്പം എ ഐ ടൂളുകളുടെ പരിചയം, ക്രിയാത്മകമായ ഉള്ളടക്ക നിർമ്മാണം, പഠനസഹായിയായി എ ഐ യെ ഉപയോഗിക്കുന്ന രീതികൾ, പുതിയ സാങ്കേതിക സാധ്യതകൾ തുടങ്ങിയ വിഷയങ്ങളും വിവിധ സെഷനുകളിലായി പരിചയപ്പെടുത്തും. പ്രഗൽഭരായ വിവിധ ഫാക്കൽറ്റികൾ ക്ലാസിന് നേതൃത്വം നൽകും.
വിദ്യാർത്ഥികളുടെ പ്രായത്തിനും പഠനനിലവാരത്തിനും അനുയോജ്യമായ രീതിയിൽ സാങ്കേതിക അറിവ് നൽകാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് നേരത്തെ തന്നെ വിദ്യാർത്ഥികൾക്ക് ധാരണ നൽകുന്നതിലൂടെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
ക്യാമ്പയിന്റെ പ്രഥമ ക്ലാസ് മുഹിമ്മാത്തുദ്ധീൻ മദ്റസ സ്വദർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി ഉദ്ഘാടനം ചെയ്തു. എസ്.ബി.എസ് പ്രസിഡന്റ് നുഫൈസ് ചേരൂർ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമാകാതെ അതിന്റെ സാധ്യതകൾ മനസ്സിലാക്കി വിജ്ഞാനവികസനത്തിനും പഠനത്തിനും ക്രിയാത്മക പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തണമെന്നും ക്യാമ്പയിൻ അഭിപ്രായപ്പെട്ടു. എസ് ബി എസ് സെക്രട്ടറി റുഹൈസ് ദേലംപാടി സ്വാഗതവും മുഈനുദ്ധീൻ മയ്യളം നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0