'തൂഫാൻ കെയർ': ലഹരിക്ക് അടിപ്പെട്ടവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി മയക്കുമരുന്നിന് അടിമപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള സമഗ്ര പുനരധിവാസ പദ്ധതിയായ 'തൂഫാൻ കെയർ' ഉടൻ ആരംഭിക്കും.
സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ, സർക്കാർ ആശുപത്രികളുമായി സഹകരിച്ചാകും 'തൂഫാൻ കെയർ' നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ഇതിനായി കേരളത്തിലുടനീളം 35 ഓളം ആശുപത്രികളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൗൺസിലിംഗും വിദഗ്ദ്ധ ചികിത്സയും വഴി ലഹരിക്ക് അടിമപ്പെട്ടവരെ പൂർണ്ണമായി മുക്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ചികിത്സയ്ക്ക് പുറമേ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയാൻ സ്‌കൂളുകൾ വഴിയും വിപുലമായ പ്രവർത്തനങ്ങൾ നടത്തും. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനുമായി സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പ്രത്യേക ക്ലാസ്സുകളും കൗൺസിലിംഗും സംഘടിപ്പിക്കും.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ ഇതിനകം തന്നെ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യുകയും വൻതോതിൽ മയക്കുമരുന്ന് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ലഹരിക്ക് ഇരയായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കാൻ ലക്ഷ്യമിട്ട് 'തൂഫാൻ കെയർ' ആരംഭിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0