അലിഗഡ് സർവ്വകലാശാലയിലെ ആഗോള സമ്മേളനത്തിൽ അതിഥിയായി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ
അലിഗഡ്: അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ (എ എം യു) നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ബദ്‌റുസാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അതിഥിയായി പങ്കെടുക്കും. ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസ്ഥ, നേരിടുന്ന വെല്ലുവിളികൾ, ലഭ്യമായ അവസരങ്ങൾ, നയപരമായ ശുപാർശകൾ എന്നിവ ചർച്ച ചെയ്യുന്നതിനായാണ് സെപ്റ്റംബർ 26, 27 തിയതികളിൽ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. സെന്റർ ഫോർ പ്രൊമോഷൻ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അഡ്വാൻസ്മെന്റ് ഓഫ് മുസ്ലിംസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന സമ്മേളനത്തിൻ്റെ പ്രമേയം 'ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസ്ഥ: വെല്ലുവിളികളും അവസരങ്ങളും നയപരമായ ശുപാർശകളും' എന്നതാണ്. സെപ്റ്റംബർ 25ന് വൈകുന്നേരം ഏഴ് മുതൽ രാത്രി പത്ത് വരെ നടക്കുന്ന ദിക്റേ ഔസുൽ വറാ പരിപാടിയിലും ഖലീൽ തങ്ങൾ മുഖ്യാതിഥിയായിരിക്കും.
സെപ്റ്റംബർ 26ന് രാവിലെ ആറു മുതൽ ഏഴു വരെ മഅദിൻ ഡൽഹി അലുംനി മീറ്റിൽ പങ്കെടുക്കുന്ന ഖലീലുൽ ബുഖാരി തങ്ങൾ രാവിലെ ഒമ്പത് മുതൽ പത്ത് വരെ ബറകാത്ത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സന്ദർശിക്കും. തുടർന്ന് അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ 'കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിന്റെ വിജയകരമായ മാതൃകയും ഉലമാ ആക്‌ടിവിസത്തിൻ്റെ പങ്കും' എന്ന വിഷയത്തിൽ പഠനാധിഷ്ഠിത പ്രഭാഷണം നടത്തും. കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റം, മത-ഭൗതിക വിദ്യാഭ്യാസത്തിൻ്റെ സമന്വയം, ഉലമാക്കളുടെ സാമൂഹിക ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ തങ്ങൾ അവതരിപ്പിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0