കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ, പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയ്ക്ക് (59) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന നിരീക്ഷണത്തോടെയാണ് കോടതി ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. 2025 ജനുവരി 27ന് അയൽവാസികളായ സുധാകരൻ, അദ്ദേഹത്തിന്റെ മാതാവ് ലക്ഷ്മി എന്നിവരെ ചെന്താമര അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്തു കൊലപ്പെടുത്തിയിരുന്നു. പ്രസ്തുത കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് സുധാകരനെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും ചേർന്ന് കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്നും അകലാൻ കാരണമെന്നും ഇയാൾ കരുതിയിരുന്നു. ഇതിന്റെ പേരിലാണ് സജിതയെ കൊലപ്പെടുത്തിയത്.
പ്രതി സമൂഹത്തിന് വലിയൊരു ഭീഷണിയാണെന്നും യാതൊരു പശ്ചാത്താപവുമില്ലെന്നും പ്രൊസിക്യൂഷൻ ശക്തമായി വാദിച്ചു. 132 സാക്ഷികളും നിരവധി ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി ഈ വിധിയിലേക്ക് എത്തിയത്. വിധി പുറത്തുവന്നതോടെ തങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഭയം മാറിയെന്നും നീതി ലഭിച്ചുവെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ പ്രതികരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0