കേരള രാഷ്ട്രീയത്തിൽ അപൂർവ സംഭവം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും

Jul 14, 2026 - 10:30
കേരള രാഷ്ട്രീയത്തിൽ അപൂർവ സംഭവം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും

തൃശ്ശൂർ: കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ജയിലിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.

തിരുവനന്തപുരം വാഴോട്ടുകോണം വാർഡിൽ നിന്നുള്ള കൗൺസിലറാണ് സുഗതൻ. മുമ്പ് ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി സുഗതൻ ഉൾപ്പെടെയുള്ള 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയിരുന്നു. തുടർന്ന് മറ്റ് 19 പേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ കേസിൽ അറസ്റ്റിലായി വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന സുഗതന് അതിന് സാധിച്ചിരുന്നില്ല. നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ പ്രതിയെ പുറത്തുവിടാൻ കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് ജയിലിനുള്ളിൽ തന്നെ ചടങ്ങ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം മേയർ വി. വി. രാജേഷ് വിയ്യൂർ ജയിലിലെത്തി സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതിയുള്ള മാധ്യമപ്രതിനിധികൾക്കും ജയിലിനുള്ളിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0