തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കോളജിന് കെ. കരുണാകരന്റെ പേര്; ആരോഗ്യവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പുതുതായി ആരംഭിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളജിന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്തുകൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
തിരുവനന്തപുരം തൈക്കാട് സപ്ലൈകോയ്ക്ക് സമീപമുള്ള ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ സംയോജിപ്പിച്ചാണ് തലസ്ഥാനത്തെ പുതിയ മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കുന്നത്. പുതിയ മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭ്യമാക്കാനും ഈ അധ്യയന വർഷം തന്നെ പ്രവേശനം നടത്താനുമുള്ള അടിയന്തര ഇടപെടലുകൾ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പദവിയിലേക്ക് ഉയർത്തുന്നതിനുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും നിലവിൽ ഈ ആശുപത്രികളിൽ സജ്ജമാണ്. പുതിയ മെഡിക്കൽ കോളജിനായി കേന്ദ്ര സർക്കാരിന്റെ 150 കോടി രൂപയുടെ ധനസഹായം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യത്തോട് കേന്ദ്ര സർക്കാർ അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0