സമസ്ത സെൻ്റിനറി: എസ്.ജെ.എം ജില്ലയിലെ 300 കേന്ദ്രങ്ങളിൽ സ്‌റ്റുഡൻ്റ്സ് അസംബ്ലി സംഘടിപ്പിക്കും
കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജൂൺ 24 ബുധനാഴ്ച ജില്ലയിലെ 300-ൽ പരം മദ്റസകളിൽ വിപുലമായ വിദ്യാർത്ഥി അസംബ്ലി സംഘടിപ്പിക്കാൻ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 2026 ജൂൺ 26 ന് സമസ്തയുടെ 101-ാം സ്ഥാപകദിനാചരണ ഭാഗമായി സെൻ്റിനറി കൗൺസിൽ ആവിഷ്കരിച്ച വിവിധ കർമ്മപദ്ധതികളുടെ തുടർച്ചയായാണ് ഈ പരിപാടി. ജില്ലാ പ്രസിഡൻ്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് സംഗമത്തിൽ സമസ്തയുടെ ഭാഗമായി നടന്നുവരുന്ന വിവിധ പദ്ധതികളുടെ അവലോകനവും നടന്നു. ജൂൺ 24 ബുധനാഴ്ച രാവിലെ 7:30-ന് ജില്ലയിലെ മുഴുവൻ മദ്റസകളിലും അരമണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക പ്രോഗ്രാമുകളാണ് നടക്കുക. വിദ്യാർത്ഥികൾ, അധ്യാപകർ, മദ്റസ മാനേജ്‌മെൻ്റ് പ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ എന്നിവർ അസംബ്ലിയിൽ പങ്കാളികളാകും. പതാക ഉയർത്തൽ, 'സമസ്ത:നൂറു പ്രകാശവർഷങ്ങൾ എന്ന വിഷയത്തിലുള്ള സന്ദേശപ്രഭാഷണം, വിദ്യാർത്ഥികളുടെ തീം സോങ് ആലാപനം, മധുരപലഹാര വിതരണം എന്നിവ അസംബ്ലിയുടെ ഭാഗമായി നടക്കും. വിവിധ പരിപാടികൾക്ക് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ, മേഖല, മുശാവറ അംഗങ്ങൾ, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കൾ നേതൃത്വം നൽകും. ജില്ലയിലെ 300-ൽ പരം മദ്റസകളിൽ ഒരേസമയം നടക്കുന്ന ഈ വിദ്യാർത്ഥി അസംബ്ലി വൻ വിജയമാക്കാൻ മുഴുവൻ മദ്റസാ കമ്മിറ്റികളും അധ്യാപകരും പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആഹ്വാനം ചെയ്തു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഹമീദ് മൗലവി കൊളവയൽ, അഷ്‌റഫ് സഖാഫി തലേകുന്ന്, റിഷാദ് സഖാഫി നെല്ലിക്കട്ട, അബ്ദുൽ കരീം സഖാഫി കുണിയ, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0