യു ഡി എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും
തിരുവനന്തപുരം: പുതിയ യു ഡി എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുക. ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനമന്ത്രി എന്ന നിലയിൽ ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ വരുന്ന ബജറ്റായതിനാൽ ധനസമാഹരണ മാർഗ്ഗങ്ങൾക്കായി ബജറ്റിൽ എന്തായിരിക്കും മാറ്റിവച്ചിരിക്കുന്നതെന്നാണ് കേരളം ഉറ്റു നോക്കുന്നത്. കിഫ്ബിയുടെ പുനഃസംഘടനയായിരിക്കും ബജറ്റിലെ പ്രധാന നടപടികളിലൊന്ന്. അടിസ്ഥാന വികസനത്തിന് ഇടത് സർക്കാർ ഉപയോഗിച്ച കിഫ്ബിയെ വെറും ഹോൾഡിംഗ് കമ്പനിയായി മാറ്റുന്നതിനും പൂർണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന. വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ഉടനെ സംസ്ഥാന ധനസ്ഥിതിയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി നിർദ്ദേശങ്ങളിൽ ഊന്നിയായിരിക്കും പുനഃസംഘടന. കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെന്റ് സംവിധാനവും ക്വാളിറ്റി കൺട്രോളും മികച്ചതെന്ന വിലയിരുത്തൽ വിദഗ്ധ സമിതി നടത്തുകയും മറ്റ് വകുപ്പുകളിലേക്കും സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മോട്ടോർവാഹന നികുതിയിനത്തിൽ പിരിക്കാനുള്ള 3,300 കോടി കുടിശ്ശിക പിരിച്ചെടുക്കാനും കിഫ്ബി പ്രതിവർഷം കൈപ്പറ്റുന്ന 4,000 കോടി രൂപ നേരിട്ട് ഖജനാവിലേക്ക് എത്തിക്കാനും നടപടിയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ മേഖല അടക്കമുള്ള സേവനരംഗത്തും കൂടുതൽ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0