മുൻ സർക്കാർ പണം വാങ്ങിയതിനാൽ പി എം ശ്രീയില്‍ തുടരാൻ നിർബന്ധിതരായെന്ന് വി ഡി സതീശൻ; മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടതിനാൽ കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. 99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. ആശയപരമായി പദ്ധതിയോടുള്ള എതിർപ്പുകളിൽ ഒന്ന് പാഠ്യപദ്ധതിയിൽ കേന്ദ്ര സർക്കാർ ഇടപെടരുത് എന്നതാണ്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഒരു കാരണവശാലും പാഠ്യപദ്ധതിയിൽ ഇടപെടാനുള്ള അവകാശം കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നൽകില്ല. കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടി. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുകയെന്നും പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
പി എം ശ്രീ ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. പി എം ശ്രീ നടപ്പിലാക്കാൻ കഴിയില്ലെന്ന് എൽ ഡി എഫ് ഭരണകാലത്ത് കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. അത് വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിനെ അറിയിച്ചതാണ്. പി എം ശ്രീ വിഷയത്തിൽ ഒരു രൂപയുടെ കാശ് പോലും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല. സർക്കാർ അന്ന് രൂപീകരിച്ച സബ് കമ്മിറ്റി പിന്നെ കൂടിയിട്ടുണ്ടായിരുന്നില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0