പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു

Jun 2, 2026 - 11:25
പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭയിലുണ്ടാകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. ഷാനിമോൾ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മുഹ്സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടന്നത്. 99 വോട്ടുകളാണ് ഷാനിമോൾ ഉസ്മാന് ലഭിച്ചത്. മുഹമ്മദ് മുഹ്സിന് 34 വോട്ട് ലഭിച്ചു. അരൂരിൽ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോൾ ഉസ്മാൻ. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം, ഐഐസിസി സെക്രട്ടറി, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

സാധാരണയായുള്ള നടപടി ക്രമ പ്രകാരം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് ചെയ്തില്ല. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. യുഡിഎഫിലെ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നീ രണ്ട് എംഎൽഎമാരും എൽഡിഎഫിലെ സി കെ ഹരീന്ദ്രൻ എംഎൽഎയും നിയമസഭയിൽ ഹാജരാകാത്തതിനാൽ വോട്ട് ചെയ്‌തില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0