16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം

May 29, 2026 - 13:37
16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് നയപ്രഖ്യാപനം നടത്തിയത്. ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. രാസലഹരി ഉള്‍പ്പെടെ ലഹരിയുടെ വേരറുക്കാന്‍ സമഗ്ര പദ്ധതികള്‍ നടപ്പാക്കുമെന്നാണ് നയപ്രഖ്യാപന പ്രസംഗം. എക്‌സ്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ചാകും പദ്ധതികള്‍. സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം നടപ്പാക്കും. ഓണ്‍ലൈന്‍ ലഹരി ശൃംഖലകള്‍ തടയുമെന്നും ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പ്രഖ്യാപനമുണ്ട്. പൊലീസ് സംവിധാനം ആധുനികവത്കരിക്കുമെന്നും ആശുപത്രി മേഖല ശക്തിപ്പെടുത്തുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു. കേന്ദ്രവുമായി ഫെഡറലിസത്തില്‍ ഊന്നിയുളള ക്രിയാത്മകമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ രൂപീകരിച്ചു. തുറമുഖ വികസന ഹബായി സംസ്ഥാനത്തെ പടുത്തുയര്‍ത്തുമെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. കാര്‍ഷിക രംഗത്തിനും മികച്ച ഊന്നല്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കും. സ്ത്രീകളായ കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന, സ്ത്രീകളെ കൂടുതല്‍ കാര്‍ഷിക മേഖലയിലേക്ക് എത്തിക്കാന്‍ പദ്ധതി, വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം എന്നിവയാണ് പ്രധാനപ്പെട്ടവ. മണ്ണ് പരിശോധന രജിസ്റ്റര്‍ തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാര്‍ക്ക് രൂപീകരിക്കും. സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തും. മനുഷ്യ വന്യ ജീവി സംഘര്‍ഷം തടയാന്‍ ആധുനിക സാങ്കേതിക വിദ്യ കൊണ്ടുവരുന്നതും പ്രഖ്യാപനത്തിലുണ്ട്.

സഹകരണ– വിജിലന്‍സ് കൂടുതല്‍ കാര്യക്ഷമമാക്കും. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കും. സഹകരണ മേഖല ജനാധിപത്യ രീതിയില്‍ ഭരണ സംവിധാനം മെച്ചപ്പെടുത്തും. നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കും. ക്ഷീര സഹകരണ സംഘങ്ങളില്‍ അടക്കം ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും. ഐടി മിഷനെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷനാക്കും. ഐടി വകുപ്പിന്റെ പുതിയ പേര് ഐടി ഫ്യൂച്ചര്‍ ടെക്‌നോളജി എന്നാക്കി മാറ്റും. വ്യാവസായിക വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കും. ഉല്‍പാദന മേഖല ശക്തിപ്പെടുത്തും. അതിഥി തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം പോര്‍ട്ടല്‍. വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക് സംവിധാനം എന്നിവയാണ് പ്രധാനപ്രഖ്യാപനങ്ങള്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0