പ്രതിവർഷം 10 ലക്ഷം രൂപയുടെ അധിക ബാധ്യത; കുമ്പള ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടി ഓട്ടം നിർത്തി 

May 11, 2026 - 14:58
പ്രതിവർഷം 10 ലക്ഷം രൂപയുടെ അധിക ബാധ്യത; കുമ്പള ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടി ഓട്ടം നിർത്തി 

കുമ്പള: ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന കുമ്പള ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടി പഞ്ചായത്തിനും കെ.എസ്.ആർ.ടി.സി.ക്കും ബാധ്യതയായതോടെ ഓട്ടം നിർത്തി. സംസ്ഥാന സർക്കാർ ഗതാഗത വകുപ്പും കുമ്പള ഗ്രാമപഞ്ചായത്തും സംയുക്തമായി കൊക്കച്ചാലിലേക്ക് തുടങ്ങിയ ബസ് സർവീസാണ് കെ.എസ്.ആർ.ടി.സി പിൻവലിച്ചത്. കുമ്പള, പേരാൽ, ബംബ്രാണ, കൊടിയമ്മ, കളത്തൂർ തുടങ്ങിയ റൂട്ടുകളിലായിരുന്നു കുമ്പളയിൽ ഗ്രാമ വണ്ടി സർവീസ് നടത്തിയിരുന്നത്. ഡീസൽ ചാർജ്ജും, മറ്റ് ഇനത്തിലും കഴിഞ്ഞ ഏഴുമാസമായി കുമ്പള ഗ്രാമ പഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ട 7 ലക്ഷത്തോളം രൂപ കുടിശ്ശികയായി നിൽക്കുന്നതിനാലാണ് കെ.എസ്.ആർ.ടി.സി ബസ് പിൻവലിച്ചത്. കുമ്പളയിലെ ഗ്രാമീണ മേഖലയിൽ പഞ്ചായത്ത് ഏർപ്പെടുത്തിയ റൂട്ടുകളിൽ നിന്ന് വേണ്ടത്ര യാത്രക്കാരും വരുമാനവും ഇല്ലാത്തതാണ് ഗ്രാമവണ്ടി സർവീസ് തടസ്സപ്പെടാൻ കാരണമായത്. പഞ്ചായത്തിന് പ്രതിവർഷം 10 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി ഉണ്ടാവുന്നത്. കുടിശ്ശിക അടച്ചാൽ സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ഇപ്പോൾ ഈ ഗ്രാമ വണ്ടി കാസർകോട്- കാഞ്ഞങ്ങാട് റൂട്ടിൽ ഓർഡിനറി സർവീസായി ഓടുന്നുണ്ട്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0