കാസർകോടിൻ്റെ സമഗ്ര മുന്നേറ്റത്തിന് ശാസ്ത്രീയമായ പഠനം നടത്തി പദ്ധതികൾ രൂപീകരിക്കും; എജ്യുസൈൻ കരിയർ എക്സ്പോയ്ക്ക് പരിസമാപ്തി
കാസർകോട്: കാസർകോട് ജില്ലയുടെ സമഗ്രമായ മുന്നേറ്റത്തിനാവശ്യമായ പഠനങ്ങൾ ശാസ്‌ത്രീയമായി നടത്തി പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുമെന്ന് കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം. വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിച്ച എജ്യുസൈൻ കരിയർ എക്സ്പോയിലെ വിദ്യാഭ്യാസ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ വികസനത്തിനാവശ്യമായ പദ്ധതികളുടെ കരട് രൂപീകരിച്ചുവെന്നും അതിൽ സാധ്യമായ പഠനങ്ങൾ നടത്തിയതിന് ശേഷം സമഗ്രമായ മുന്നേറ്റ പരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാർഥികൾക്ക് ഉപരിപഠന-തൊഴിൽ സാധ്യതകളുടെ പുതിയ ലോകം തുറന്ന് വിദ്യാനഗറിൽ 'എജ്യുസൈൻ' എജുക്കേഷൻ കരിയർ എക്സ്പോ പരിസമാപ്തി കുറിച്ചു. വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ പ്ലാൻ തയ്യാറാക്കുന്നതിനായി വ്യക്തിഗത മെന്ററിംഗ് നൽകാൻ വിവിധ മേഖലകളിൽ നിന്നുള്ള ഇരുന്നൂറിലധികം കരിയർ കൗൺസിലർമാരുടെ സേവനം ലഭ്യമായിരുന്നു എന്നതാണ് എജ്യുസൈനിന്റെ പ്രധാന സവിശേഷത. സയൻസ്, ടെക്നോളജി, മെഡിസിൻ, മീഡിയ സ്റ്റഡീസ്, സംരംഭകത്വം തുടങ്ങി വിവിധ പഠനശാഖകളെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും ഒരുക്കിയിരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദേശ സർവകലാശാലകൾ, ഓൺലൈൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ച് വിദഗ്ധരിൽ നിന്ന് നേരിട്ടറിയാനും വെഫി അവസരമൊരുക്കി.
വിദ്യാഭ്യാസ വിദഗ്ധർ, കേന്ദ്ര സർവകലാശാലാ അധ്യാപകർ, വിദേശ സർവകലാശാലകളുടെയും വിവിധ ബഹുരാഷ്ട്ര കമ്പനികളുടെയും പ്രതിനിധികൾ തുടങ്ങിയവരുമായി വിദ്യാർഥികൾ സംവദിച്ചു. ഇതിനുപുറമെ, ജോബ് ഫെയർ, സ്കിൽ എജുക്കേഷൻ, എക്സ്പീരിയൻഷ്യൽ ലേണിംഗ് എന്നിവയ്ക്കായുള്ള പ്രത്യേക സെഷനുകളുമുണ്ടായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0