അസ്ലം അഹ്സനി തലക്കടത്തൂർ ആത്മാർത്ഥത മുഖമുദ്രയാക്കിയ വ്യക്തിത്വം: സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി
കഴിഞ്ഞ ദിവസം വിട പറഞ്ഞ മഅ്ദിൻ ദഅ്‌വ കോളേജിലെ പ്രധാന മുദരിസ് അസ്ലം അഹ്സനി തലക്കടത്തൂർ ജീവിതത്തിലുടനീളം ചെയ്യുന്ന പ്രവൃത്തികളിൽ 'ഇഖ്ലാസ്' (ആത്മാർത്ഥത) മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നുവെന്ന് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. പഠനകാലത്തും അല്ലാത്തപ്പോഴും സാധ്യമാകുമ്പോഴെല്ലാം 23 വർഷക്കാലം റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദിന് ഒരു സേവകനെപ്പോലെ സന്തതസഹചാരിയായി കൂടെനിന്ന വ്യക്തിയായിരുന്നു അസ്ലം അഹ്സനി. ഇഹ്‌യാഉസ്സുന്നയും അവിടുത്തെ ഉസ്താദുമാരും മഅ്ദിനും വിദ്യാർത്ഥികളും പ്രസ്ഥാനവുമായായിരുന്നു അസ്ലം അഹ്സനിയുടെ ജീവിതം മുഴുവൻ സമർപ്പിച്ചിരുന്നത്. ഒതുക്കുങ്ങൽ ഇഹ്‌യാഉസ്സുന്നയിൽ തന്റെ പ്രധാന ഉസ്താദും മഅ്ദിൻ മുത്വവ്വലിലെ മുദരിസുമായ അബ്ദുല്ല അഹ്സനി ചെങ്ങാനിയുടെ ക്ലാസ്സിൽ പങ്കെടുക്കാനായി പുറപ്പെട്ടപ്പോൾ സംഭവിച്ച അപകടമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്. ജീവിതം മുഴുവൻ വിജ്ഞാനവുമായും അതിന്റെ പ്രസരണവുമായും ബന്ധപ്പെട്ട് ജീവിക്കാൻ ഭാഗ്യം ലഭിച്ച മഹദ്‌വ്യക്തിയായിരുന്നു അദ്ദേഹം. മഅ്ദിൻ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എജ്യൂപാർക്കിലായിരുന്നു അഹ്സനി അധ്യാപനം നടത്തിയിരുന്നത്. തലക്കടത്തൂർ സ്വദേശിയായ അദ്ദേഹം തന്റെ ചെറുപ്പകാലം മുതൽക്കേ മഅ്ദിനുമായി ബന്ധപ്പെട്ട വാർത്തകളും പ്രധാനപ്പെട്ട സംഭവങ്ങളും പരിപാടികളുടെ സ്മരണാർത്ഥമുള്ള പ്രസിദ്ധീകരണങ്ങളുമെല്ലാം സൂക്ഷിച്ചുവെക്കുമായിരുന്നു. അതുകൊണ്ടുതന്നെ മഅ്ദിനിന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ ചരിത്രരചനയിൽ അദ്ദേഹത്തിന്റെ ശേഖരങ്ങൾക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹവുമായി ഇടപെട്ട വിദ്യാർത്ഥികൾക്കെല്ലാം ഇത്തരത്തിലുള്ള അനേകം ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ചിട്ടാണ് അദ്ദേഹം യാത്രയാകുന്നത്. മാതൃകാപരമായ ആ അധ്യാപകന്റെ വിടവാങ്ങൽ വിദ്യാർത്ഥികൾക്ക് വലിയ നഷ്ടവും മാനസികാഘാതവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിൽ വലിയ പരീക്ഷണങ്ങളെ നേരിടുകയും അതിനെ അസാമാന്യമായ മനക്കരുത്തോടെ കീഴടക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അസ്ലം അഹ്സനി.
(സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ്)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0