നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍ 

Apr 15, 2026 - 11:56
നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍ 

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ആരോഗ്യ സര്‍വകലാശാല വി സിക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിര്‍ദേശം നല്‍കി. നിതിന്റെ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡിജിപിയെ കണ്ടിരുന്നു. പിന്നാലെ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം കുടുംബത്തിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. നിതിന്റെ കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയിൽ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. മരിക്കുന്നതിന് മുൻപ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സസ്പെൻഷനിലായ ഡോ. എം.കെ റാം നേരത്തെയും പരാതി ഉന്നയിച്ചിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. കോളേജിലെ അധ്യാപകർക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് നിതിൻ രാജിന്റെ പുറത്തുവന്ന ശബ്ദരേഖകൾ. നിതിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ വിളിച്ചുവെന്നും പട്ടിണിയെന്നും വിളിച്ച് അധിക്ഷേപിച്ച്, മറ്റു വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് നിരവധി തവണ അപമാനിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. അകാരണമായി ഇന്റേണൽ മാർക്ക് കുറച്ചതും അധിക്ഷേപത്തെ ചോദ്യം ചെയ്തപ്പോൾ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഒരു അധ്യാപകൻ ഭീഷണിപ്പെടുത്തിയ വിവരവും പുറത്തുവന്ന സന്ദേശത്തിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ നിതിൻ രാജിനെ കണ്ടെത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0