നിയമസഭാ തെരെഞ്ഞെടുപ്പ്; ജില്ലയിൽ ഏപ്രിൽ 10 ന് രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Apr 8, 2026 - 12:01
നിയമസഭാ തെരെഞ്ഞെടുപ്പ്; ജില്ലയിൽ ഏപ്രിൽ 10 ന് രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് ജില്ലയിൽ ഏപ്രിൽ 10 രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ അർജുൻ പാണ്ഡ്യനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധന കാലയളവിൽ ജില്ലയിൽ നിയമവിരുദ്ധമായ സംഘം ചേരലുകൾക്കോ പൊതുയോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതിയുണ്ടായിരിക്കില്ല. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറിനുള്ളിൽ മണ്ഡലത്തിൽ തുടരാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും കർശനമായ നിരോധനമുണ്ട്. പോളിംഗ് സ്റ്റേഷനുകൾക്കുള്ളിൽ നിരീക്ഷകർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഒഴികെ മറ്റാർക്കും മൊബൈൽ ഫോണുകളോ വയർലെസ് സെറ്റുകളോ ഉപയോഗിക്കാൻ അനുവാദമില്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകൾ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ ഉത്തരവ് പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെയോ ജോലിയെയോ ബാധിക്കില്ല. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, മറ്റ് സ്വകാര്യ ആഘോഷങ്ങൾ എന്നിവയ്ക്കും വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനും നിയന്ത്രണങ്ങൾ ബാധകമല്ല. വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറിൽ വീടുകൾ കയറിയുള്ള പ്രചാരണങ്ങൾക്കും തടസ്സമുണ്ടാകില്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 206 പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0