850 യുവതി യുവാക്കൾക്ക് മംഗല്യ സൗഭാഗ്യമൊരുക്കി പാടന്തറ മർകസ്

Apr 2, 2026 - 18:35
Apr 2, 2026 - 18:38
850 യുവതി യുവാക്കൾക്ക് മംഗല്യ സൗഭാഗ്യമൊരുക്കി പാടന്തറ മർകസ്

ഗൂഡല്ലൂർ: രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹത്തിന് നീലഗിരിയിലെ പാടന്തറ മർകസിൽ വേദിയൊരുങ്ങി. സമസ്ത സെന്റിനറിയുടെ ഭാഗമായാണ് ഇത്തവണ സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ എസ് വൈ എസിന്റെ നേതൃത്വത്തിൽ ദേവർഷോല അബ്ദുസ്സലാം മുസ്ലിയാരുടെ മേൽനോട്ടത്തിലായി നടക്കുന്ന വിവാഹ സംഗമത്തിൽ 850 യുവതി യുവാക്കളാണ് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജീവിത സ്വപ്നം സാഫല്യമാകുന്ന സമൂഹ വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ഏപ്രിൽ അഞ്ചിന് നടക്കുന്ന സമൂഹ വിവാഹ മഹാസംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ ഒരുക്കൂട്ടം പെൺകുട്ടികളെ പുതുജീവിതത്തിലേക്ക്  കൈപിടിച്ചുയർത്തുകയാണ് എസ് വൈ എസും ദേവർഷോല ഉസ്താദും. പ്രായം തികഞ്ഞ പെൺമക്കളുടെ ഭാവിയോർത്ത് വിലപിക്കുന്ന നൂറുകണക്കിന് മനുഷ്യർക്കാണ് ഇവിടെ സാന്ത്വനമേകുന്നത്. വിവാഹ അപേക്ഷകരിൽ അനാഥകളും വാടക വീടുകളിൽ കഴിയുന്നവരും കുടുംബനാഥന്മാർ രോഗികളായി കഴിയുന്നവരുമുണ്ട്. കൃഷിയിലും തോട്ടം തൊഴിലിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരാണ് നീലഗിരിയിലെ ബഹുഭൂരിഭാഗം പേരും. ഇതര മതസ്ഥർക്ക് അവരുടെ ആചാരപ്രകാരം പാടന്തറയിലെ ക്ഷേത്രങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ ചടങ്ങുകൾ നടക്കും. വർണാഭമായ ചടങ്ങിന് വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് സാക്ഷികളാകാൻ എത്താറുള്ളത്. 2015 ലും 2017 ലും 2019 ലും 2023 ലും പാടന്തറ മർകസ് സമൂഹ വിവാഹത്തിന് പന്തലൊരുക്കിയിരുന്നു. അഞ്ച് തവണകളിലായി നടന്ന വിവാഹ സംഗമത്തിൽ 2,000 ലേറെ യുവതി - യുവാക്കളാണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. 2014 ലാണ് പാടന്തറ മർകസിൽ ആദ്യമായി സമൂഹ വിവാഹത്തിന് പന്തലൊരുങ്ങിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0