നിയമസഭാ തെരെഞ്ഞെടുപ്പ്; വൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രികകൾ 

Apr 2, 2026 - 12:03
നിയമസഭാ തെരെഞ്ഞെടുപ്പ്; വൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രികകൾ 

കോഴിക്കോട്: നിയമസഭാ തെരെഞ്ഞെടുപിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഗ്ദാനങ്ങളുടെ പെരുമഴയായി എൽ ഡി എഫ്, യു ഡി എഫ് പ്രകടന പത്രികകൾ. അഞ്ച് വർഷം കൊണ്ട് കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്നും സാമൂഹ്യ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും എൽ ഡി എഫ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. അഭ്യസ്ത വിദ്യർക്ക് ജോലി ഉറപ്പ് നൽകുന്ന കാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കൽ, ബാങ്ക് ടു കാമ്പസ് പദ്ധതി, സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ എന്നിവയും ഉറപ്പ് നൽകുന്നു. 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പ് നൽകുന്നു. 20 ലക്ഷം വീട്ടമ്മമാർക്കും തൊഴിൽ ഉറപ്പ് നൽകുന്നു. ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലാക്കും, പൊതുവിദ്യാഭ്യാസ മേഖലയിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പദ്ധതികൾ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളുണ്ട്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നു. അതിനായി ശമ്പള പരിഷ്കരണം നടപ്പാക്കും. വിലക്കയറ്റം തടയും, കടൽ കടലെടുക്കുന്നവർക്ക് ഉറപ്പ് വരുത്തും, കെ എസ് ആർ ടി സിയെ ലാഭത്തിലാക്കും, ജലഗതാഗതവും വാട്ടർ മെട്രോയും ശക്തിപ്പെടുത്തും, നവകേരളത്തിന് ജനകീയാസൂത്രണ കാമ്പയിൻ, പവർകട്ടില്ലാത്ത കേരളം, ഡിസൈനർ സ്മാർട്ട് റോഡുകൾ, അതിവേഗ റെയിൽപാതയും റെയിൽ ഗതാഗത ശൃംഖലയും, താങ്ങുവില വർദ്ധനവ്, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, തോട്ടവിളകൾക്ക് പുതിയ കർമ്മ പരിപാടി, പൊതുമേഖലയെ വിപുലപ്പെടുത്തൽ, ടൂറിസം വളർച്ച, മിഷൻ 1,00,000, മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കൽ തുടങ്ങിയ ഒട്ടേറെ പ്രഖ്യാപനങ്ങൾ എൽ ഡി എഫ് പ്രകടന പത്രികയിലുണ്ട്.

ശബരിമലയിലെ ആചാര സംരക്ഷണം മുതൽ സാമൂഹിക ക്ഷേമ പദ്ധതികൾ വരെ ഉൾക്കൊള്ളുന്ന വിവിധ പ്രഖ്യാപനങ്ങളാണ് യു ഡി എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടികൾക്കു പുറമെയാണ് പ്രഖ്യാപനങ്ങൾ. ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാന്റീൻ പദ്ധതി വ്യാപിപ്പിക്കും. ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കാൻ നടപടി സ്വീകരിക്കുമെന്നും സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും രൂപീകരിക്കുമെന്നും പ്രകടന പത്രിക ഉറപ്പുനൽകുന്നു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കും. ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തും. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യു ഡി എഫ് പ്രകടന പത്രികയിലുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0