മെഡിക്കൽ കോളേജ് ആസ്പത്രി നിർമ്മാണം ഉടൻ; പുതിയ കരാറുകാരനെ നിയമിച്ചു
കാസർകോട്: ഉക്കിനടുക്കയിൽ സ്ഥിതി ചെയ്യുന്ന കാസർകോട് ഗവ.മെഡിക്കൽ കോളജ് ആസ്‌പത്രി കെട്ടിടത്തിൻ്റെ നിർമ്മാണം രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ചുമതലപ്പെടുത്തിയാണ് പുതുക്കിയ ടെണ്ടർ നടപടികൾ നടത്തിയത്. നേരത്തേയുള്ള കരാറിൽ ചില പുതുക്കലോടെ ഒപ്പുവച്ചായിരിക്കും കിറ്റ്‌കോ മുഖേന നിർമ്മാണം വീണ്ടും ആരംഭിക്കുന്നത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രി ബ്ലോക്കിന് 91 കോടി രൂപ അനുവദിച്ചതിൽ 50 കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തിയായത്. നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ പണി പൂർത്തിയാവാത്തത് കാരണം നബാർഡിൽ നിന്ന് 41 കോടി രൂപ ലഭിക്കുന്നത് തടസ്സപ്പെട്ടു. ഇതിനാൽ മറ്റു നിർമ്മാണ പ്രവർത്തികളിലുൾപ്പെടെ ഏതാനും മാറ്റം വരുത്തി കിഫ്ബി അനുവദിച്ച ഫണ്ടിൽ തന്നെ നിർമ്മാണം പുനരാരംഭിക്കുന്നതിന് ധാരണയാവുകയായിരുന്നു. ആശുപത്രി കെട്ടിടം പണി പൂർത്തിയാക്കാത്തത് കാരണം മെഡിക്കൽ കോളജിൽ കിടത്തി ചികിത്സ തുടങ്ങിയിരുന്നുന്നില്ല. അത് കൊണ്ട് തന്നെ എം.ബി.ബി.എസ് കോഴ്‌സ് ആരംഭിച്ചപ്പോഴും ടീച്ചിങ് ആസ്‌പത്രിയായി ഉപയോഗപ്പെടുത്തിയത് കാസർകോട് ജനറൽ ആസ്‌പത്രിയെയാണ്. അക്കാദമിക് ബ്ലോക്ക് മാത്രമാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇവിടെ എം.ബി.ബി.എസ് ക്ലാസുകളും സമീപത്തെ കെട്ടിടത്തിൽ ഒപി വിഭാഗവും പ്രവർത്തിച്ചുവരികയാണ്. 2024 ൽ നോൺ ടീച്ചിങ് സ്റ്റാഫ്, ലൈബ്രറി, സ്റ്റുഡൻ്റ് സ് ഹോസ്റ്റൽ എന്നിവയുടെ നിർമാണത്തിന് 160 കോടി രൂപ കിഫ്ബി ഫണ്ടിൽ അനുവദിച്ചിരുന്നു. കാസർകോട് വികസന പാക്കേജിലുൾപ്പെടെ തുക വകയിരുത്തിയാണ് മറ്റു ചില ബ്ലോക്കുകളുടെ നിർമാണം പൂർത്തിയായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0