കാസർഗോഡ് നഗരത്തിൽ ഇനി വിശപ്പില്ലാത്ത പ്രഭാതം; 'ഹംഗർ ഫ്രീ കാസർഗോഡ്' പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു
കാസർഗോഡ്: നഗരത്തിൽ രാവിലെ വിശന്നിരിക്കുന്നവർക്കും നിർധനരായ ആളുകൾക്കും ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ലിവ് ടു സ്‌മൈൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോട് കൂടി ആരംഭിച്ച 'ഹംഗർ ഫ്രീ കാസർഗോഡ്' (Hunger Free Kasaragod) പദ്ധതി ശ്രദ്ധേയമാകുന്നു. കാസർഗോഡ് നഗരത്തിൽ സൗജന്യമായി പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക ബ്രോഷർ കാസർഗോഡ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഷാഹിന സലീം പ്രകാശനം ചെയ്തു.
നഗരത്തിലെ തെരുവുകളിലും മറ്റുമായി കഴിയുന്നവർക്കും അശരണരായ ആൾക്കാർ ഉൾപ്പെടെ നിരവധി പേർക്കാണ് ലിവ് ടു സ്‌മൈൽ ഫൗണ്ടേഷന്റെ ഈ പദ്ധതിയിലൂടെ ദിവസേന പ്രഭാതഭക്ഷണം ലഭിക്കുന്നത്. വിശപ്പില്ലാത്ത ഒരു നഗരം എന്ന ദൗത്യം മുൻനിർത്തിയാണ് സന്നദ്ധ പ്രവർത്തകർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയിൽ കാഞ്ഞങ്ങാട്, ചെർക്കള മറ്റു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. കൂടാതെ കല്യാണം, മറ്റു ആഘോഷ പരിപാടികളിൽ അധികം വരുന്ന ഭക്ഷണങ്ങൾ പൊതുവെ എന്തു ചെയ്യണമെന്ന് അറിയാതെ പലപ്പോഴും കൊണ്ടു കളയുന്ന പതിവ് വർധിച്ച സാഹചര്യത്തിൽ അത്തരം ഭക്ഷണങ്ങൾ ശേഖരിച്ചു കൊണ്ട് ഗുണ നിലവാരം ഉറപ്പുവരുത്തി പാക്കിങ് നടത്തി ആവശ്യക്കാർക്ക് എത്തിക്കുന്ന 'എക്സസ്സ് ഫുഡ് കളക്ഷൻ' എന്ന പദ്ധതി ഇതിന്റെ കൂടെ നടത്തും. പദ്ധതിക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ബ്രോഷർ പ്രകാശന ചടങ്ങിൽ കാസർഗോഡ് മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ കെഎം മഹമൂദ്, ലിവ് ടു സ്‌മൈൽ ഫൗണ്ടേഷൻ ചെയർമാൻ അഹ്‌മദ് ഷറീൻ, മുർഷിദ് പട്ല തുടങ്ങിയവർ പങ്കെടുത്തു. കാസർഗോഡ് നഗരത്തിന് തന്നെ മാതൃകയാകുന്ന ഈ പദ്ധതിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0