കാസർകോട് ജില്ലയുടെ പുതിയ കലക്ടറായി അർജ്ജുൻ പാണ്ഡ്യൻ ചുമതലയേറ്റു
കാസർകോട്: കാസർകോട് ജില്ലയുടെ പുതിയ കലക്ടറായി അർജ്ജുൻ പാണ്ഡ്യൻ ചുമതലയേറ്റു. കാസർകോട് വികസനത്തിനു ഏറെ സാധ്യതകൾ ഉള്ള ജില്ലയാണെന്നും ഏറെ സന്തോഷത്തോടെയും പ്രതീക്ഷകളോടെയുമാണ് ജില്ലാ കലക്ടറായി ചുമതലയേൽക്കുന്നതെന്നും ഒരുപാട് അവസരങ്ങളുള്ള കാസർകോട് ജില്ലയിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ മനസ്സിലാക്കി കൃത്യമായ പഠനം നടത്തിയ ശേഷമായിക്കും പുതിയ പദ്ധതികൾ തയ്യാറാക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു. പട്ടയം അടക്കം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം ജനപക്ഷത്തു നിന്നു പരിഹരിക്കുകയും മുൻ കളക്ടർ കെ ഇമ്പശേഖർ തുടങ്ങി വച്ച പദ്ധതികൾ തുടർന്നു കൊണ്ടുപോകും- കലക്ടർ വ്യക്തമാക്കി.
തൃശൂർ കളക്ടറായിരുന്ന അദ്ദേഹം തിങ്കളാഴ്‌ച അവിടെ പുതുതായി ചുമതലയേറ്റ കളക്ടർക്ക് അധികാരം കൈമാറിയശേഷമാണ് രാവിലെ കാസർകോട്ടെത്തിയത്. എ ഡി എം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സിവിൽ സ്റ്റേഷനിലെ ജീവനക്കാരും കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചു. മുൻ ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പുഷ്‌പഹാരം നൽകി അർജുൻ പാണ്ഡ്യനെ സ്വീകരിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, ലേബർ കമ്മിഷണർ പദവികൾ വഹിച്ചിട്ടുണ്ട്. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ കണ്ണൂർ അസി. കളക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡവലപ്മെൻ്റ് കമ്മീഷണർ, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിൻ്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ്‌ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാസർകോടിൻ്റെ ഇരുപത്തിയാറാമത് ജില്ലാ കളക്ടറായാണ് അർജ്ജുൻ പാണ്ഡ്യൻ ചുമതലയേറ്റത്. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്ക്കാരം നേടി തൃശ്ശൂർ ജില്ലയിലെ ഒന്നരവർഷത്തിലേറെ നീണ്ട മികച്ച സേവനത്തിനുശേഷം മാതൃക പരമായ സേവനങ്ങൾ തൃശ്ശൂരിന് സമ്മാനിച്ചാണ് അർജുൻ പാണ്ഡ്യൻ കാസർകോട് ജില്ലയിലേക്ക് എത്തുന്നത്. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിടെക് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇടുക്കി ഏലപ്പാറ സ്വദേശിയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0